Friday, June 8, 2012

ജീവിതയാത്ര


അച്ഛന്‍ വിശാഖപട്ടണത്ത് സീ ഫുഡ്‌ എക്സ്പോര്‍ട്ട് ബിസ്സിനെസ്സ്കാരന്‍....ഇടയ്ക്കു മാത്രം കേരളത്തില്‍ വന്നു പോകും..... അത്  കൊണ്ട്  കല്യാണം കഴിഞ്ഞ ഉടനെ അമ്മയെയും അങ്ങോട്ട് കൊണ്ട്പോയി. അങ്ങിനെ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം വിശാഖപട്ടണത്ത് ആയിരുന്നു....എനിക്ക് ഒരു വയസ്സായപ്പോള്‍ തന്നെ അമ്മ എനിക്കൊരു അനുജനെ തന്നു. അപ്പു....അങ്ങിനെ എല്ലാ സുഖങ്ങളോട് കൂടിയും ആയിരുന്നു ഞാനും അപ്പുവും  വളര്‍ന്നത്. മിക്ക ദിവസങ്ങളിലും അച്ഛന്‍ ഞങ്ങളെ എല്ലാവരെയും ഔട്ടിങ്ങിനു കൊണ്ട് പോവും. സിനിമ കാണാന്‍ കൊണ്ട്പോകും. ഇഷ്ടപ്പെട്ട എല്ലാ സാധനങ്ങളും വാങ്ങി തരും. വിശാഖപട്ടണത്ത് ഏറ്റവും നല്ല സ്കൂളില്‍ തന്നെ ഞങ്ങളെ ചേര്‍ത്തു...

പക്ഷെ ഞാന്‍ ഒരു രണ്ടാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും അച്ഛന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി..കളി തമാശകള്‍ പറയുന്നത് നിര്‍ത്തി..വീട്ടില്‍ വന്നാല്‍ ആരോടും മിണ്ടാതെ മുറിയില്‍ ഇരിക്കാന്‍ തുടങ്ങി .. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്‌ അച്ഛന്റെ ബിസിനെസ്സ്‌ പൊളിയാന്‍ തുടങ്ങുകയായിരുന്നു എന്ന്. അതായിരുന്നു അച്ഛന്റെ സ്വഭാവത്തിലെ മാറ്റത്തിന്റെ കാരണം. കയറ്റി അയച്ച സാധനങ്ങളെല്ലാം കേടുവന്നു പോയി. അങ്ങിനെ അച്ഛന്‍ വല്ല്യ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കാന്‍ തുടങ്ങി. വിശാഖപട്ടണത്ത് ഉള്ളതെല്ലാം വിറ്റ്‌ കടങ്ങള്‍ എല്ലാം തീര്‍ത്തു  അച്ഛന്‍ ഞങ്ങളെയും കൂട്ടി കേരളത്തില്‍ എത്തി. 




അച്ഛന്‍ ഞങ്ങളെ കൊണ്ട് പോയത്‌ അച്ഛന്റെ കൊച്ചിയിലെ  തറവാട്ടുവീട്ടിലെക്കായിരുന്നു. എല്ലാവരും ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും അവര്‍ക്ക് മനസ്സിലായി അച്ഛന്‍ ബിസിനെസ്സ് പൊളിഞ്ഞത് കൊണ്ടാണ് തിരിച്ചു വന്നിരിക്കുന്നത് എന്ന്.. അന്ന് മുതല്‍ വീട്ടില്‍ അമ്മയെയും എന്നെയും അപ്പുവിനെയും  എന്ത് ചെയ്താലും കുറ്റം പറയാന്‍ തുടങ്ങി. അങ്ങിനെ അച്ഛനും അച്ഛന്റെ വീട്ടുകാരും തമ്മില്‍ വഴക്കായി. ഒടുവില്‍ അവര്‍ പറഞ്ഞു കുടുംബസ്വത്തില്‍ നിന്ന് ഒന്നും തരില്ല എന്ന്. അങ്ങിനെ ഞങ്ങള്‍ ഒരു വാടക വീട്ടിലേക്കു താമസം മാറി....ഇതിനിടയില്‍ അച്ഛന് ഒരു സീ ഫുഡ്‌ എക്സ്പോര്‍ട്ട് കമ്പനിയില്‍ സുപര്‍വൈസര്‍ ആയി ജോലി. കിട്ടി.എന്നെയും അപ്പുവിനെയും  തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളിലാക്കി
 
എനിക്ക് അമ്മയെക്കാളും അച്ചനെയായിരുന്നു ഇഷ്ടം. പഠിക്കാത്തതിന് അമ്മ തല്ലുമ്പോള്‍ അച്ഛനായിരുന്നു അതില്‍ നിന്നും എന്നെ രക്ഷിച്ചിരുന്നത്..അങ്ങിനെ സന്തോഷത്തോടെ ജീവിക്കുന്നതിനു  ഇടയില്‍  അച്ഛന്‍ മദ്യപാനം എന്നാ ദുസ്വഭാവവും  തുടങ്ങി. മദ്യപിച്ചു വീട്ടില്‍ വന്നാല്‍ അമ്മയെ ഉപദ്രവിക്കും. അങ്ങിനെ വീട്ടിലെ സമാധാനം പിന്നെയും നശിച്ചു. പക്ഷെ മദ്യപിക്കാത്ത സമയത്ത് അമ്മയെയും ഞാങ്ങളെയുമൊക്കെ വല്യ ഇഷ്ടമായിരുന്നു..

എനിക്ക് പടിക്കുന്നതിനെക്കാള്‍ ഇഷ്ടം ഡാന്‍സ് ഉം സ്പോര്‍ട്സും ആയിരുന്നു...അപ്പുവിന്  ഇഷ്ടം പാട്ടും മിമിക്രിയും. ഞങ്ങളെ എല്ലാ മത്സരങ്ങള്‍ക്കും അച്ഛനായിരുന്നു കൊണ്ട് പോയിരുന്നത്..പണ്ടത്തെ പോലെ അല്ലെങ്കിലും അച്ഛന്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം  വാങ്ങിതരുമായിരുന്നു. അങ്ങിനെ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തി. അപ്പു  നാലാം ക്ലാസ്സിലും. ഒരു ദിവസം രാത്രി ആരോ വന്നു അമ്മയെ കൂട്ടിക്കൊണ്ടു പോയി. അമ്മാവന്‍ വന്നു എന്നെയും അപ്പുവിനെയും അമ്മാവന്റെ വീട്ടിലേക്കും കൊണ്ടുപോയി. അമ്മയെവിടെ എന്ന് അന്വേഷിക്കുംബോഴെല്ലാം ഇപ്പൊ വരും എന്ന് പറഞ്ഞു അമ്മായി ഞങ്ങളെ സമാധാനിപ്പിച്ചു..പിന്നെ രണ്ടു ദിവസം അവിടെ ആയിരുന്നു താമസം. ഒരു ദിവസം അമ്മായി ഞങ്ങളെ ഒരു ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ അമ്മ അച്ഛന്റെ മേല്‍  കിടന്നു കരയുകയായിരുന്നു. അപ്പോഴാണ്‌ ഞങ്ങള്‍ അറിയുന്നത് അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു സീരിയസ് ആയി കിടക്കുകയാണെന്ന്.. കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ ഞങ്ങളെ വിട്ടു പോയി...



അച്ഛന്‍ മരിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് ഒരു വീട് പോലും ഉണ്ടായിരുന്നില്ല. അമ്മക്ക് അന്ന് പ്രായം 30 വയസ്സ്.. അച്ഛന്‍ മരിച്ച ശേഷം ഞങ്ങള്‍  അച്ഛന്റെ തറവാട്ടില്‍ താമസിച്ചു... കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ ഞങ്ങളോട് അമ്മയുടെ വീട്ടിലേക്കു പോയ്ക്കൊളാന്‍ പറഞ്ഞു.. അമ്മ ഞങ്ങളെയും കൂട്ടി കൊച്ചിയിലെ അമ്മയുടെ തറവാട്ടു   വീട്ടിലേക്കു പോയി.. ഇതിനിടയില്‍ അച്ഛന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് കുറച്ചു പൈസ കിട്ടി. അച്ചന്റെ ഓഫീസിലെ കൂട്ടുകാരും കുറച്ചു പൈസ തന്നു. ഞങ്ങള്‍ അത് കൊണ്ട് കുറച്ച് സ്ഥലം വാങ്ങി.. ഏതൊക്കെയോ നേതാക്കന്മാരെല്ലാം കൂടി ജനകീയാസൂത്രണം പദ്ധതി വഴി കുറച്ചു പൈസ സങ്കടിപ്പിച്ചു തന്നു. ആ പൈസ കൊണ്ട് ഞങ്ങള്‍ ഒരു ചെറിയ വീട് വെച്ചു. പണി ഒന്നും തീരുന്നതിനു മുംബ് തന്നെ ഞങ്ങള്‍ അതിലേക്കു താമസം മാറി. വാതില്‍ പോലും വച്ചിരുന്നില്ല. കര്‍ട്ടന്‍ മാത്രമാണു ഒരു മറ  ഉണ്ടായിരുന്നത്.

ചുറ്റുവട്ടത്ത് അയല്‍ക്കാരായ യുവാക്കളെല്ലാം വളരെ നല്ലവരായത് കൊണ്ട് എപ്പോഴും വീടിനു ചുറ്റും രാത്രി ഓരോ പാട്ടും പാടി നടക്കുമായിരുന്നു.അപ്പോള്‍ ഞങ്ങള്‍ പേടിച്ചു കരയുമ്പോള്‍ അമ്മ ഞങ്ങളെ കെട്ടിപ്പിടിച്ചു കിടക്കും. അയല്കാരുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ അമ്മാവന്റെ മകന്‍ ഞങ്ങളുടെ കൂടെ താമസിക്കാന്‍ തുടങ്ങി.. അന്ന് മുതല്‍ അയല്‍ക്കാരുടെ ശല്യം തീര്‍ന്നു. ഇതിനിടയില്‍ അമ്മക്ക് അച്ഛന്റെ സുഹൃത്തുക്കള്‍ വഴി അച്ഛന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഒരു ജോലി ശരിയാക്കി കൊടുത്തു .

അന്ന് ഞാന്‍ ഏഴാം ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്..ഇംഗ്ലീഷ് മീഡിയം ആയത് കൊണ്ട്  സ്കൂള്‍ ഫീസ്‌ എല്ലാം വളരെ കൂടുതലായിരുന്നു...വീട്ടുചിലവും ഞങ്ങളുടെ പഠനവും എല്ലാം കൂടി അമ്മക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു.. പക്ഷെ അമ്മ ഞങ്ങളെ അവിടെ തന്നെ പഠിപ്പിച്ചു. അച്ഛന്റെ അവസാന  ആഗ്രഹാമായിരുന്നുവത്രേ ഞങ്ങളെ പഠിപ്പിച്ചു വല്ല്യ നിലയിലെത്തിക്കണം എന്നത്.. പക്ഷെ ഒമ്പതാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും അമ്മക്ക് താങ്ങാവുന്നതിനേക്കാള്‍ അപ്പുറമായിരുന്നു സ്കൂള്‍ ഫീസ്‌. അങ്ങിനെ അമ്മ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങളെ തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂള്‍ ഇല് ചേര്‍ത്തു.

ഒറ്റക്കുള്ള ജീവിതം അമ്മയെയും വല്ലാതെ തളര്‍ത്തി. അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ വീണ്ടും വിവാഹിതയാവാന്‍ തീരുമാനിച്ചു. അങ്ങിനെ അമ്മ ജോലി ചെയ്യുന്ന ഓഫീസ് ലെ ഒരാളുമായി കല്യാണം ഉറപ്പിച്ചു. അയാള്‍  വിവാഹ മോചിതനായിരുന്നു.

.രണ്ടാം വിവാഹം കഴിക്കുമ്പോള്‍ അമ്മക്ക് 34 വയസ്സായിരുന്നു പ്രായം. വീണ്ടും വിവാഹം കഴിച്ചതോടെ എനിക്ക് അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി..പക്ഷെ പിന്നെ ആലോചിച്ചപ്പോള്‍ അമ്മ ചെയ്തതാണ് ശരി എന്ന് തോന്നി..

.
മഴയും വെയിലും വന്നു പോയിക്കൊണ്ടേ ഇരുന്നു. ഞാന്‍ പ്ലസ്‌ ടു നല്ല മാര്‍ക്കോടെ പാസ്‌ ആയി. അമ്മമ്മയുടെയും അമ്മയുടെയും താല്പര്യ പ്രകാരം ഞാന്‍ എഞ്ചിനീയറിംഗ് നു  ചേര്‍ന്നു...പക്ഷെ വര്ഷം തോറും അടക്കേണ്ട 50000  രൂപ ഫീസ്‌ അടക്കാന്‍ പറ്റില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അങ്ങിനെ ഞാന്‍ വിദ്യാഭ്യാസ വായ്പ്പക്ക് അപേക്ഷ കൊടുത്തു, അത് പാസ്‌ ആയി. എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷമായി. അപ്പു വളരെ നല്ല രീതിയില്‍ പ്ലസ്‌ ടു പൊട്ടി. അമ്മ അവനെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. വീണ്ടും പൊട്ടി. ഇതിനിടയില്‍ അമ്മക്ക് എമ്പ്ലോയ്മെന്റ്റ്‌ എക്സ്ചേഞ്ച് വഴി പാലക്കാട്‌ പ്യൂണ്‍ ആയി ജോലി ലഭിച്ചു.പിന്നെ പാലക്കാടുള്ള  അമ്മമ്മയുടെ വീട്ടിലായി താമസം. ചെറിയ ഒരു വീടായിരുന്നു അമ്മമ്മയുടെ വീട്. പക്ഷെ വളരെ സന്തോഷത്തോടെ ഞങ്ങള്‍ അവിടെ താമസിച്ചു. അപ്പുവിന് ഒറ്റപ്പാലത്ത്‌ ഒരു സ്വര്‍ണ്ണ കടയില്‍ ജോലി ലഭിച്ചു. വടകരയില്‍  ഒരു ചെറിയ വീട് വെക്കാനായി പിന്നെ അമ്മയുടെ നെട്ടോട്ടം..ഒടുവില്‍ തറവാട്ടിലെ സ്ഥലത്തു തന്നെ വീട് വെക്കാന്‍ തീരുമാനമായി. ഹൌസ് ലോണിനു അപേക്ഷ കൊടുത്തു. കുറെ കാലത്തിനു ശേഷം അതു പാസ്‌ ആയി.

എന്റെ എഞ്ചിനീയറിംഗ് പഠനം അവസാന വര്‍ഷമായി. പഠനം കഴിഞ്ഞാല്‍ എനിക്ക് കിട്ടുന്ന ജോലിയിലായിരുന്നു അമ്മ വീട് വെക്കാനുള്ള സ്വപ്നങ്ങളെല്ലാം കണ്ടു കൊണ്ടിരുന്നത്..എഞ്ചിനീയറിംഗ് അവസാനിച്ചു. എനിക്ക് കോഴിക്കോട്‌  KSEB ഓഫിസ് ഇല് താല്‍ക്കാലിക എഞ്ചിനീയറിംഗ് ജോലി ലഭിച്ചു. 7500 രൂപ ശമ്പളം

ഇതിനിടയില്‍ അപ്പുവിന് മധുരയില്‍ ഒരു  വല്ല്യ കടയില്‍ ജോലി ലഭിച്ചു. പക്ഷെ അപ്പു അവിടെ വെച്ച് ഏതോ ഒരു പെണ്ണിനോട് അടുപ്പമായി. ഒരു ദിവസം എന്റെ ഓഫീസ് ഇല് വന്നു എനിക്കവളെ പരിജയപ്പെടുത്തി തന്നു. ഒരു ദിവസം എനിക്ക് അവള്‍ ഫോണ്‍ വിളിച്ചു. അപ്പുവുമായി അവള്‍ക്കുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞു എന്നും അവള്‍ വീട് വിട്ടിറങ്ങി പോന്നു എന്നും എന്റെ ഓഫീസ് ഇലേക്ക് വരുകയാണെന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. തിരിച്ചു വിളിച്ചപ്പോള്‍ കിട്ടിയതുമില്ല. അങ്ങിനെ അവള്‍ എന്റെ ഓഫീസ് ഇല് വന്നു. ഞാന്‍ അവളെയും കൊണ്ട് വീട്ടിലേക്കു പോയി. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കാം എന്നായിരുന്നു എന്റെ പ്ലാന്‍..പക്ഷെ അവള്‍ പോകാന്‍ കൂട്ടാക്കിയില്ല..എന്റെ മൊബൈലില്‍ ആരൊക്കെയോ വിളിച്ചു അവളെ തിരിച്ചയക്കാന്‍ പറഞ്ഞു ഭീഷണിപ്പെടുത്തി. ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു. പിറ്റേ ദിവസം രാവിലെ ഒരു അമ്പലത്തില്‍ വെച്ച് അപ്പുവിന്റെയും അവളുടെയും കല്യാണം നടന്നു...പിന്നെ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ആദ്യം വന്ന കാള്‍ കോഴിക്കോട്‌  പോലീസ് സ്റ്റേഷന്‍ ഇല് നിന്നായിരുന്നു..അവളുടെ വീട്ടുകാര്‍ എന്റെയും അപ്പുവിന്റെയും പേരില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉടനെ അവളെയും കൂട്ടി സ്റ്റേഷനില്‍ എത്താനും പറഞ്ഞു. അവിടെ വെച്ച് അവളുടെ വീട്ടുകാരോടും പോലിസുകാരോടും വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞു. അങ്ങിനെ അവളെ അപ്പുവിന്റെ കൂടെ പറഞ്ഞയച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വേറെ ഒരു വീട് വാടകക്കെടുത്ത് അവളെയും കൊണ്ട് അങ്ങോട്ട്‌ താമസം മാറി.

ഞാന്‍ KSEB ഇല് ജോലിക്ക് കയറി 4 മാസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ ഒരു പരസ്യം കണ്ടു. സേലം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഇല് 5000  രൂപ അല്ലവന്‍സ് ഉള്ള ഒരു ഡിപ്ലോമ കോഴ്സ് ഇന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.. നൂറു ശതമാനം ജോലി ഉറപ്പു നല്‍കുന്ന ഒരു കോഴ്സ് ആയിരുന്നു അത്. എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം കാറ്റാടിയന്ത്രത്തെ പറ്റി പഠിക്കുന്ന ഒരു കോഴ്സ് ആയിരുന്നു അത്. അങ്ങിനെ അപേക്ഷിച്ചവരില്‍ നിന്ന് മുന്നൂറു പേരെ തിരഞ്ഞെടുത്തു പരീക്ഷ നടത്തി. അതില്‍ നിന്ന് ഞങ്ങള്‍ മുപ്പതു പേരെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമായിരുന്നു ആ കോഴ്സ്. പക്ഷെ പഠനത്തിന് ആവശ്യമായ  കുറെ സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. നല്ല ഒരു കാല്‍കുലേറ്റര്‍ പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല. എന്റെ കൂട്ടുകാരികള്‍ എനിക്കൊരു നല്ല കാല്‍കുലേറ്റര്‍ വാങ്ങി തന്നു. ചെറുപ്പത്തില്‍ അച്ഛന്‍ എനിക്ക് വാങ്ങി തന്ന ഒരു മാല മാത്രമേ ആഭരണമായി എന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. അമ്മ അത് പണയം വെച്ച് എനിക്കൊരു ലാപ്ടോപ് കമ്പ്യൂട്ടര്‍ വാങ്ങിത്തന്നു. പടനാവശ്യങ്ങള്‍ക്കും പ്രൊജക്റ്റ്‌ വര്‍ക്ക്‌ എന്നിവയ്ക്ക് വേണ്ടിയും വളരെ അത്യാവശ്യമായിരുന്നു കമ്പ്യൂട്ടര്‍. ഒടുവില്‍ 80 % മാര്‍ക്കോടെ ഞാന്‍ ആ കോഴ്സ് ഉം പൂര്‍ത്തിയാക്കി.



 പക്ഷെ അവര്‍ പറഞ്ഞ 100 % ജോലി ഉറപ്പ്‌ എന്ന വാക്ക് മാത്രം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. കമ്പനികള്‍ പണ്ടത്തെ പോലെ കുട്ടികളെ ജോലിക്ക് എടുക്കുന്നില്ലാത്രേ.. സാമ്പത്തിക പ്രധിസന്ധിയാനത്രേ കാരണം. എഞ്ചിനീയറിംഗ് പഠിക്കാനായി ഞാന്‍ എടുത്ത 3  ലക്ഷം രൂപ ഇപ്പൊ പലിശ എല്ലാം കൂടി 5 ലക്ഷം രൂപ ആവാറായി. ഇത് വരെയും തിരിച്ചടചിട്ടില്ല. ബാങ്ക് മാനേജര്‍ ഇടയ്ക്കിടയ്ക്ക്  ലോണ്‍ അടക്കാന്‍ പറയും. അമ്മക്ക് കിട്ടുന്ന പൈസ വീട്ടു ചിലവിനു തന്നെ തികയുന്നില്ല. രണ്ടാനച്ചനു വിവാഹ മോചനം ചെയ്ത ഭാര്യക്ക് ചിലവിനു കൊടുക്കേണ്ടതിനാല്‍ ആ വരുമാനവും ഇല്ല. വീടിന്റെ ലോണും എന്റെ വിദ്യാഭ്യാസ ലോണും എല്ലാം ഇപ്പൊ എന്റെ ചുമലിലാണ്. പടിപ്പു കഴിഞ്ഞു ജോലിക്ക് കയറുന്നതിനു മുംബ് തന്നെ 10   ലക്ഷം രൂപയോളം കടമുള്ള ഒരു കടക്കാരി ആണ് ഇന്ന് ഞാന്‍. 

ഇപ്പൊ റിസള്‍ട്ട്‌ വന്നിട്ട് ഒരു മാസമായി. എനിക്ക് 24 വയസ്സായി. എന്റെ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് കിട്ടുന്ന ജോലി കൊണ്ട് വീട് പണി തീര്‍ക്കാം എന്നാ അമ്മയുടെ സ്വപ്നം ഇപ്പോഴും പൂവണിയാതെ കിടക്കുന്നു. ലോണ്‍ എടുത്ത പൈസ കൊണ്ട് വീടിന്റെ വാര്‍പ്പ് കഴിഞ്ഞു. ഇനിയും  തിരിച്ചടക്കല്‍ തുടങ്ങിയിട്ടില്ല. ജോലി കിട്ടിയാല്‍ വിദ്യാഭ്യാസ വയ്പ്പ തിരിച്ചടക്കണോ അതോ വീടിന്റെ പണി കഴിക്കണോ എന്ന ചിന്തയിലാണ് ഇപ്പൊ ഞാന്‍.  ഞങ്ങളുടെ കൊച്ചിയിലെ ആ ചെറിയ വീട് വില്‍ക്കാനാണ് അമ്മയുടെ ഇപ്പോഴത്തെ പ്ലാന്‍. എന്നിട്ട് എന്റെ കല്യാണം നടത്താനും.. പക്ഷെ വീട് പണി പൂര്‍ത്തിയാകാതെ എങ്ങിനെ കല്യാണം നടത്തും എന്ന ചിന്തയും അമ്മയെ അലട്ടുന്നു. ഒന്നിനും ഒരു വഴിയും തെളിയുന്നില്ല..സഹായിക്കാനും ആരുമില്ല..കുറച്ചു ദിവസം കൂടി അമൃത കോളേജ് വിളിക്കുമോ എന്ന് നോക്കിയിട്ട് വേണം വേറെ വല്ല ജോലിയും നോക്കാന്‍. ഇപ്പൊ അമ്മമ്മയുടെ വീട്ടില്‍ എല്ലാവര്ക്കും കൂടി കിടക്കാനും സ്ഥലമില്ല. ഒരു വീട് വളരെ അത്യാവശ്യമായി വന്നിരിക്കുന്നു..എല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു... അല്ലാതെന്ത് ചെയ്യാന്‍....ചെറുപ്പത്തില്‍ 3  വയസ്സിനു  ശേഷം ഞാന്‍ സന്തോഷം എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല. ഒരു ദിവസം ദൈവം എല്ലാം ശരിയാക്കുമായിരിക്കും എന്ന വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തട്ടെ.....


(എന്റെ കൂട്ടുകാരി അവളുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ സമ്മതത്തോടെ എഴുതിയതാണിത്)


സസ്നേഹം
സനു
09-06-2012

Tuesday, June 5, 2012

അകലുന്നതെന്തിനു നീ....




എന്‍ പ്രിയ തോഴീ എന്തിനു നീ ഇത്രമേല്‍
ഈ പാവമാം തോഴനില്‍ നിന്നകന്നിടുന്നു...
ഈ വേര്‍പ്പാടിന് വേണ്ടിയായിരുന്നോ  
ഒരുമിച്ചു കൂട്ടായി നാം കളിച്ചതും
പിന്നെ ഒരുമിക്കാന്‍ വേണ്ടി നാം വളര്‍ന്നതും???

  
സങ്കടമൊട്ടുമേ ഇല്ലതാനും.. പക്ഷെ
ഇന്നെന്‍  ഇടനെഞ്ചില്‍  
ബാക്കിയുള്ളതീ വിരഹ ഗാനം മാത്രം...
ഒരല്‍പം സ്നേഹമീ തോഴനോടെന്നെങ്കിലും
തോന്നിയിട്ടുണ്ടായിരുന്നുവെങ്കില്‍
ഈ അകലുന്നതെന്തിനെന്നു 
മാത്രം മൊഴിഞ്ഞു കൂടെ???



കാത്തിരിക്കാം പ്രിയേ ഞാന്‍  നിനക്കായി
എന്‍  അന്ത്യശ്വാസം നിലക്കും വരെയും...
മറക്കുവാനാവില്ലെനിക്ക് നിന്നെയും പിന്നെ
നീ തന്ന മധുരമാം ഓര്‍മ്മകളേയും.....
ഇനിയുള്ള ഈ ശൂന്യമാം ജീവിതം
പ്രാര്‍ത്ഥനകള്‍ക്കു വേണ്ടി മാത്രം ത്യജിച്ചിടുന്നു......

  

കേഴുന്നു ഞാന്‍ ഉടയവനോടെപ്പോഴും
നന്മകള്‍മാത്രം നിന്‍ വീഥിയില്‍ 
പെയ്തിറങ്ങാന്‍...... 
നേരുന്നു തോഴീ നിനക്കിന്നു ഞാന്‍
ഒരായിരം മംഗളാശംസകള്‍
അര്‍പ്പിച്ചിടുന്നു നിന്‍ കതിര്‍മണ്ഡപത്തില്‍
എന്‍ നിണം ചാലിച്ച ഒരായിരം 
പുഷ്പ്പങ്ങള്‍.......




സസ്നേഹം
സനൂ.......
06-06-2012