Monday, August 6, 2012

ഓര്‍ക്കുന്നു നിന്നെ ഞാന്‍ ഇന്നും


വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരമേ ഉള്ളു എന്റെ ഉമ്മയുടെ വീട്ടിലേക്ക്‌. ദൂരം കുറവായതിനാല്‍ ഞാന്‍ ഇടക്കിടക്ക്‌ അങ്ങോട്ട്‌ പോവുമായിരുന്നു. ഉമ്മാന്റെ അടുത്ത ബന്ധത്തിലെ ഒരു ചെക്കനായിരുന്നു അന്ന് അവിടെ ഉള്ള എന്റെ ഏക കൂട്ടുകാരന്‍. എന്നെക്കാള്‍ രണ്ടു വയസ്സിനു മൂത്തതായിരുന്നു അവന്‍. ഞാന്‍ ഉമ്മയുടെ വീട്ടിലെത്തിയാല്‍ അവനെയും കൊണ്ട് വല്ലിമ്മയുടെ (ഉമ്മയുടെ ഉമ്മ) തെങ്ങിന്‍തോട്ടത്തിലേക്ക് പോവും. അവന്‍ തെങ്ങില്‍ കയറി ഇളനീര്‍ ഇടും. ഞാന്‍ താഴെ നിന്ന് എല്ലാം പെറുക്കി കൂട്ടും..എന്നിട്ട് ഒഴിഞ്ഞു പോയി ഇരുന്നു ഞങ്ങള്‍ രണ്ടു പേരും കൂടി അതൊക്കെ വെട്ടി കുടിക്കും. 

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അവന്റെ ഏക പെങ്ങളുടെ കല്യാണം ഉറപ്പിച്ചു. ഏട്ടനും ഏട്ടത്തിയും ഉമ്മയും ഉപ്പയും അടങ്ങുന്നതായിരുന്നു അവന്റെ കുടുംബം. കല്യാണസമയത്ത് ലീവ് കിട്ടാഞ്ഞതിനാല്‍ അവന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ടായിരുന്നില്ല. കല്യാണം പ്രമാണിച്ചു ഉമ്മ എന്നെയും അനുജത്തിമാരെയും കൂട്ടി തലേ ദിവസം തന്നെ കല്യാണ വീട്ടിലേക്കു പോയി. ഏക മകളുടെ കല്യാണമായത് കൊണ്ടാണോ എന്തോ വല്ല്യ കല്യാണമായിരുന്നു അവിടെ. വല്ല്യ പന്തല്‍..നിറച്ചും ആളുകള്‍. തലേ ദിവസം രാത്രി ആയിട്ട് പോലും കുറെ ആളുകള്‍ ഉണ്ടായിരുന്നു അവിടെ. നേരം കുറെ വൈകിയപ്പോള്‍ ഉമ്മ എന്നെയും കൂട്ടി വല്ലിമ്മയുടെ വീട്ടില്‍ വന്നു കിടന്നുറങ്ങി.
ഞാന്‍ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി കല്യാണ വീട്ടിലേക്ക്‌ പോയി. ഞാന്‍ അവിടെ എത്തിയപ്പോഴേക്കും അവനും റെഡി ആയിരുന്നു. കല്യാണസദ്യ വിളമ്പുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും കൂടി. ഉച്ചക്ക് ഒരു മണി ആയപ്പോഴേക്കും കല്യാണ ചെക്കനും കൂട്ടരും എത്തി. നിക്കാഹ് എല്ലാം കഴിഞ്ഞു അവളും ഡ്രസ്സ്‌ ഒക്കെ മാറി പോവാന്‍ റെഡി ആയി.

 പിന്നെ പെണ്ണിന്റെ കൂടെ ആരൊക്കെ പോകണം എന്ന തര്‍ക്കമായി. ആകെ കൂടെ പോവുന്നത് നാല് ജീപ്പുകള്‍. അതില്‍ മുഴുവന്‍ നിമിഷ നേരം കൊണ്ട് തന്നെ ആളുകള്‍ ഫുള്‍ ആയി. ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ചെക്കന്റെ വീട്ടിലേക്ക്‌. ചെറുപ്പം മുതലേ യാത്ര ചെയ്‌താല്‍ ചര്‍ദ്ദിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് ഞാന്‍ അധികം യാത്ര ഒന്നും പോവാറുണ്ടായിരുന്നില്ല. ആ കാരണം കൊണ്ട് തന്നെ പെണ്ണിന്റെ കൂടെ പോവാന്‍ ഉമ്മ എന്നെ അനുവദിച്ചില്ല. അവന്‍ എന്നെ കുറെ ക്ഷണിച്ചെങ്കിലും ഞാന്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ ചര്‍ദ്ദിക്കാതിരിക്കാന്‍ ഒരു ഐഡിയ പറഞ്ഞു തന്നു.         “ജീപിന്റെ പുറകില്‍ തൂങ്ങി നില്‍ക്കുകയാണെങ്കില്‍ ചര്‍ദ്ദിക്കില്ല” അതെനിക്കൊരു പുതിയ അറിവായിരുന്നു. അതും പറഞ്ഞു അവന്‍ കുറെ നിര്‍ബന്ധിച്ചെങ്കിലും ഉമ്മ എന്നെ വിട്ടില്ല. ഒടുവില്‍ കുറെ പരിഭവം പറഞ്ഞിട്ട് അവന്‍ ജീപിന്റെ പുറകില്‍ തൂങ്ങി നിന്ന് പെണ്ണിന്റെ കൂടെ പോയി. ആ ജീപ്പില്‍ എന്റെ അമ്മായിയും മകളും അവന്റെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ കയറി. ഞാനും ഉമ്മയും കല്യാണ വീട്ടില്‍ തന്നെ നിന്നു.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും ആരൊക്കെയോ നിലവിളിച്ചു കൊണ്ട് ഓടുന്നത് കണ്ടു. ആദ്യമൊന്നും ഒന്നും മനസ്സിലായില്ല. പിന്നെ പിന്നെ ചിത്രം വ്യക്തമായി. പെണ്ണിന്റെ കൂടെ പോയ നാല് ജീപ്പുകളില്‍ ഒരെണ്ണം അപകടത്തില്‍ പെട്ട് തോട്ടിലേക്ക് മറിഞ്ഞു. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റി എന്നൊന്നും ഒരു വിവരവും കിട്ടിയില്ല. പിന്നെ ആരൊക്കെയോ പറഞ്ഞു കേടു അറിഞ്ഞു. അപകടത്തില്‍ അവന്‍, കല്യാണപ്പെണ്ണിന്റെ അനുജന്‍, എന്റെ കൂട്ടുകാരന്‍ മരിച്ചിരിക്കുന്നു. കുറെ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. എന്റെ അമ്മായിയുടെ തല പൊട്ടി. അമ്മായിയുടെ മകള്‍ക്ക് ഒന്നും പറ്റിയില്ല.  ഇവന്‍ ജീപ്പില്‍ തൂങ്ങി നിന്നത് കാരണം ജീപ്പ് മറിഞ്ഞപ്പോള്‍ ഇവന്‍ തെറിച്ചു വീണു തൊട്ടടുത്ത ഇലക്ട്രിക്‌ പോസ്റ്റില്‍ തല ഇടിച്ചു. ഇടിയുടെ ആഘാധത്തില്‍ ഇവന്റെ തല പൊട്ടുകയും തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.

അത് വരെ സന്തോഷ തിമര്‍പ്പിലായിരുന്ന കല്ല്യാണ വീട് പൊടുന്നനെ പൊട്ടി കരച്ചിലുകളാല്‍ മുകരിതമായി. വാര്‍ത്ത കേട്ട ഉടനെ അവന്റെ ഉമ്മ ബോധരഹിതയായി. ഒരു മണിക്കൂറിനുള്ളില്‍ കല്യാണ പെണ്ണും ചെക്കനും തിരിച്ചെത്തി. അവള്‍ അപ്പോള്‍ കരയുകയായിരുന്നില്ല. മുഖത്ത് എന്തോ നിര്‍വികാരമായ ഭാവം. അവളുടെ കൂടെ വന്നതാണല്ലോ അപകട കാരണം എന്ന ചിന്ത ആയിരിക്കും ചിലപ്പോള്‍ അവളെ തളര്‍ത്തിയത്.


 ആരൊക്കെയോ താങ്ങി പിടിച്ചു അവളെയും കൊണ്ട് വന്നു ഉള്ളില്‍ കിടത്തി. ഞായറാഴ്ച ആയതിനാല്‍ അന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പറ്റാത്തത്‌ കൊണ്ട് തിങ്കളാഴച്ചയെ ചെയ്യൂ എന്ന് ആരൊക്കെയോ പറഞ്ഞു അറിഞ്ഞു. അന്നത്തെ ദിവസം അങ്ങിനെ അവസാനിച്ചു.



പിറ്റേ ദിവസം ഒരു ഉച്ചയായപ്പോഴേക്കും അവന്റെ മൃതശരീരം വഹിച്ചു കൊണ്ട് ആംബുലന്‍സ് എത്തി. തല്‍ക്കാലത്തേക്ക് ഒന്ന് അടങ്ങിയിരുന്ന കരച്ചില്‍ വീണ്ടും പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങുകളെല്ലാം അവസാനിപ്പിച്ചു അവന്റെ മൃതശരീരം പള്ളിയിലേക്ക് കൊണ്ട് പോവാന്‍ തീരുമാനിച്ചു. ഞാനും കൂടെ പോയി. ശവസംസ്കാര ചടങ്ങുകള്‍ക്കെല്ലാം ഞാനും മുന്നില്‍ തന്നെ നിന്നു. അവസാനം അവനെ കുഴിയില്‍ (കബര്‍) ഇല വെച്ച ശേഷം മുകളില്‍ കല്ലുകള്‍ വെച്ച് ആളുകള്‍ മണ്ണ് വാരി ഇടാന്‍ തുടങ്ങി. അവന്‍ സമ്മാനിച്ച നല്ല കുട്ടിക്കാല ഓര്‍മ്മകളെ മന്നസ്സില്‍ ഓര്‍ത്തു കൊണ്ട് അവന്റെ മുകളിലേക്ക് രണ്ടു തുള്ളി കണ്ണുനീരിന്റെ കൂടെ ഒരു  പിടി പച്ച മണ്ണ് വാരി ഇട്ടു.

ഒരു പക്ഷെ ഞാന്‍ അവന്റെ കൂടെ അന്ന് പെണ്ണിന്റെ കൂടെ പോയിരുന്നെങ്കില്‍ അവനെ പോലെ ഞാനും ആ ജീപ്പില്‍ തൂങ്ങി നിന്നാവും യാത്ര ചെയ്യുക. ദൈവ നിശ്ചയം കാരണം എനിക്ക് കൂടെ പോകാന്‍ തോന്നിയില്ല. വിധി അവനെ നേരത്തെ വിളിച്ചു കൊണ്ട് പോയി. ദൈവത്തിനു ഏറ്റവും ഇഷ്ട്ടമുള്ളവരെ അവന്‍ നേരത്തെ തിരിച്ചു വിളിക്കും എന്നാണല്ലോ.....


ഇന്നും ഉമ്മാന്റെ വീട്ടിലേക്കു പോവുമ്പോള്‍ ഇടക്കൊക്കെ അവന്റെ വീട്ടിലേക്കും ഞാന്‍ പോവാറുണ്ട്. ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു എന്റെ  ആ പ്രിയ കളിക്കൂട്ടുകാരന്‍.

(നിങ്ങളുടെ പ്രാര്‍ഥനയില്‍ അവനെയും ഉള്‍പെടുത്തണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.)

സസ്നേഹം
സനു
06-08-2012