Monday, December 24, 2012

ശപിക്കല്ലേ പെങ്ങളെ ഈ സമൂഹത്തെ




ക്ഷമിക്കുക പെങ്ങളെ ഈയുള്ളവനോടും 

പിന്നെ ദയാദാക്ഷിണ്യമില്ലാത്ത ഈ ലോകത്തോടും

ഓര്‍ക്കുവാന്‍ പോലും കഴിയുന്നില്ലെനിക്ക് 

ഇന്നുനീ അനുഭവിക്കുന്ന ആ മനോവേദനകള്‍....



സഹിക്കാനാവുന്നില്ല സോദരീ നിന്‍കണ്ണുനീര്‍

വിലമതിക്കുന്നു ഞാനതു മറ്റെന്തിനെക്കാളും

വിശ്രമമില്ല പെങ്ങളെ ഇന്ന്തൊട്ടെനിക്ക്

ആ ചെകുത്താന്മാരെ കൊലക്കയറില്‍ തൂക്കിയിട്ടല്ലാതെ...



ആ കാപാലികര്‍ മാത്രമല്ല മോളേ തെറ്റുകാര്‍,

സമൂഹവും ഈ ഞാനുമതില്‍ പങ്കാളികള്‍.......

പ്രാര്‍ത്ഥന മാത്രമേ എന്‍കയ്യില്‍ ഇനി  ബാക്കിയുള്ളൂ.

ഇന്നത്‌ മുഴുവന്‍ നിനക്കായി ഞാന്‍ നല്‍കിടുന്നു...



അറിയുന്നു നിന്നിലൂടെ ഞാന്‍ ഈ സമൂഹത്തില്‍

നികൃഷ്ടമാം നരഭോജികളുടെ ഈ വിളയാട്ടത്തെ

ഉറപ്പേകിടുന്നിന്നു ഞാന്‍ നിന്‍മുന്‍പില്‍ 

ചെയ്തിടാം ഞാന്‍ എന്നാലാവുന്നതെല്ലാം

നിനക്കായും പിന്നെ ഈ സ്ത്രീ സമൂഹത്തിനായും.......



സസ്നേഹം
സനു 
25-12-2012





Saturday, November 3, 2012

പറയാതെ പോയ പ്രണയം

2004 ഇല്‍ SSLC കഴിഞ്ഞ ഞാന്‍ പ്ലസ്‌ ടു പഠനത്തിനായി 
തിരഞ്ഞെടുത്തത്‌ എന്റെ തൊട്ടടുത്തുള്ള സ്കൂള്‍ ആയിരുന്നു. സയന്‍സ് ഗ്രൂപിനു അപേക്ഷിച്ച എനിക്ക് SSLC ക്ക് കിട്ടിയ മാര്‍ക്കിന്റെ കനം കുറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു   കിട്ടിയത്‌ ഹുമാനിടീസ് ഗ്രൂപ്പ്‌ ആയിരുന്നു. അതിന്റെ ഒരു വിഷമത്തോട് കൂടിയാണ് ആദ്യ ദിനം സ്കൂളില്‍ പോയത്‌. ക്ലാസ്സില്‍ ആദ്യ ദിനം സുനില്‍  എന്ന് പേരുള്ള ഒരു മാഷ്‌  വന്നു എല്ലാവരെയും പരിജയപ്പെട്ടു. 

അതിനു ശേഷം അദ്ദേഹം സയന്‍സ് ഗ്രൂപിനു 
അപേക്ഷിച്ചിട്ടു ഹുമാനിടീസ് കിട്ടിയ കുട്ടികളോട് 
എഴുനെല്‍ക്കാന്‍ പറഞ്ഞു. ആണ്‍കുട്ടികളില്‍ നിന്ന് ഞാനും പെണ്‍കുട്ടികളില്‍ നിന്ന് 4  പേരും എഴുന്നേറ്റു നിന്നു. അങ്ങിനെ സുനില്‍  മാഷ്‌ ഞങ്ങളെ പരിജയപ്പെട്ട ശേഷം സയന്‍സ് ക്ലാസ്സിലേക്ക് മാറ്റാം 
എന്ന് പറഞ്ഞു. എന്തോ ഒരു ഭാഗ്യത്തിന് അന്ന് സയന്‍സ് 
ഗ്രൂപ്പില്‍ മാനജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് ഹുമാനിടീസിലേക്ക് വരാന്‍ ഒരു താല്പര്യമുണ്ടായിരുന്നു. അങ്ങിനെ 
ഞങ്ങള്‍ അഞ്ചു പേരും സയന്‍സ് ഗ്രൂപില്ക്ലാസ്സിലേക്ക് എത്തിപ്പെട്ടു. (അന്ന് ഹുമാനിടീസ് ക്ലാസ്സിലേക്ക് മാറാന്‍ ആ കുട്ടികള്‍ തയ്യാറായിരുന്നില്ലെന്കില്‍ എനിക്ക് ഒരിക്കലും ഈ നിലയിലെത്താന്‍ പറ്റില്ലായിരുന്നു. ദൈവ നിശ്ചയം. അല്ലാതെന്ത്.....)
സെക്കന്റ്‌ ലാംഗ്വേജ്‌ ആയി ഞാന്‍ തിരഞ്ഞെടുത്തത്‌ 
അറബിയായിരുന്നു. ചെറുപ്പം മുതലേ ഇംഗ്ലീഷ് മീഡിയം പഠിച്ചത് കൊണ്ടാണോ എന്തോ മലയാളം എടുക്കാന്‍ തോന്നിയില്ല.എന്റെ 
കൂടെ സയന്‍സ് ക്ലാസ്സിലേക്ക് വന്ന നാല് പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ എടുത്തതും അറബിയായിരുന്നു. അങ്ങിനെ ആ രണ്ടു കുട്ടികളുമായി 
ഞാന്‍ കൂടുതല്‍ പരിജയപ്പെട്ടു. കൌമാരത്തിന്റെ തുടക്കമായതു കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് അതിലെ ഒരു കുട്ടിയോട് 
എന്തോ ഒരു ആകര്‍ഷണം തോന്നി.ആ ആകര്‍ഷണം കൊണ്ട് മാത്രം അവളോട്‌ കൂടുതല്‍ കൂട്ടുകൂടാന്‍ ഞാന്‍ തീരുമാനിച്ചു. 
കൂട്ടുകൂടി എന്ന് മാത്രമല്ല, വല്ലാതെ സൌഹൃദമാവുകയും ചെയ്തു . 
ആ സൗഹൃദം  ക്രമേണെ ഇഷ്ടമായി മാറി.
പ്രണയത്തിന്റെ കൂടപ്പിറപ്പാണല്ലോ പേടി എന്നാ മഹാ സംഭവം. ആ മഹാ സംഭവമായ 
പേടി കാരണം അവളോട്‌ അത് പറയാന്‍ മനസ്സ് അനുവദിച്ചില്ല.
ആദ്യ അറബി ക്ലാസ്സ്‌ തുടങ്ങുമ്പോള്‍ കുറെ കുട്ടികള്‍ വരുകയും 
കുറെ കുട്ടികള്‍ പോവുകയും ചെയ്തു.. ചില കുട്ടികള്‍ 
ഹിന്ദി ക്ലാസ്സിലെക്കും ചിലര്‍ സംസ്കൃതം ക്ലാസ്സിലെക്കും പോവും. 
അത് പോലെ ഹുമാനിടീസില്‍ നിന്നും കൊമേസ് ക്ലാസ്സില്‍ നിന്നും തിരിച്ചു അറബി ക്ലാസ്സിലെക്കും വരുമായിരുന്നു. ആ സമയത്ത് 
ഞാന്‍ മുന്നിലെ ബെഞ്ചില്‍ ആണ് പോയി ഇരുന്നിരുന്നത്. യാദ്ര്ശ്ചികമായി അവളും പെണ്‍കുട്ടികളുടെ മുന്നിലെ ബെഞ്ചില്‍ 
വന്നിരുന്നു. പിന്നെ എല്ലാ അറബി ക്ലാസ്സിലും സീറ്റ്‌ അങ്ങിനെ തന്നെ ആയി നിശ്ചയിച്ചു. തല ഒന്ന് ചെരിച്ചു നോക്കിയാല്‍ അവളെ എനിക്ക് കാണാം എന്ന രീതിയിലായിരുന്നു അവളുടെ ഇരുപ്പ്‌. എന്തായാലും 
ഞാന്‍ വളരെ ഹാപ്പി ആയി. ഒരു മണിക്കൂറുള്ള അറബി ക്ലാസ്സില്‍ ഞാന്‍ മിക്ക സമയവും അവളുടെ മുഖത്തേക്ക്‌ ആയിരുന്നു നോക്കിയിരുന്നത്. തിരിച്ചു അവള്‍ എന്നെ നോക്കുമ്പോഴേക്കും ഞാന്‍ തല തിരിക്കും. 
ഇത് കുറെ കാലം അങ്ങിനെ നീണ്ടു പോയി. ഞാന്‍ അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവള്‍ക്കറിയാം എന്നെനിക്ക് മനസ്സിലായി. 

ക്ലാസ്സ്‌ തുടങ്ങിയിട്ട് മൂന്നു  മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ 
അവളെ നന്നായി പരിജയപ്പെട്ടു. സ്കൂളില്‍ നിന്നും എന്റെ വീട്ടിലേക്കു പോകുന്ന വഴി ആയിരുന്നു അവളുടെ വീടും. അവളുടെ വീട്ടിലേക്കു 
 1 KM ഉം എന്റെ വീട്ടിലേക്കു  3 KM ഉം ആയിരുന്നു ദൂരം. അവളോട്‌ കൂടുതല്‍ സംസാരിക്കാനും അടുക്കാനുമായി ബസില്‍ പോവാറുള്ള
 ഞാന്‍ നടന്നു പോവാന്‍ തീരുമാനിച്ചു.
 അങ്ങിനെ അവളോട്‌ കൂടുതല്‍ അടുത്തു എങ്കിലും മനസ്സിലുള്ള 
ഇഷ്ടം തുറന്നു പറയാന്‍ മാത്രമുള്ള ദൈര്യം എനിക്ക് വന്നില്ല. അവളുമായുള്ള സൌഹൃദം നഷ്ട്ടപ്പെടുമോ എന്ന പേടി 
കൊണ്ടാണെന്ന് തോന്നുന്നു. ഒരു ദിവസം കൂടെ നടന്നു പോവുന്നതിന്റെ ഇടയില്‍ അവള്‍ എന്നെ വീട്ടിലേക്കു ചായ കുടിക്കാന്‍ ക്ഷണിച്ചു. 
പക്ഷെ എന്തോ ആ ക്ഷണം സ്വീകരിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. പേടി തന്നെ ആയിരുന്നു കാരണം.
 പക്ഷെ അതിനു ശേഷം അറബി ക്ലാസ്സില്‍ അവളെ ദൈര്യ സമേതം നോക്കാനുള്ള ഒരു ഊര്‍ജ്ജം എവിടുന്നോ കിട്ടി. അവള്‍ തിരിച്ചു നോക്കിയാലും ഞാന്‍ കണ്ണ് എടുക്കാതെ നോക്കികൊണ്ടേ ഇരുന്നു.

പ്ലസ്‌ വണ്‍ ക്ലാസ്സ്‌ തീരാറായി. അവളോട്‌ പറയേണ്ട സമയം ആയി എന്നെനിക്ക് തോന്നി. അവളും അത് എന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. പക്ഷെ അവളോട്‌ തുറന്നു 
പറയാന്‍ മാത്രമുള്ള ദൈര്യം ഇവിടുന്നും കിട്ടിയില്ല. ഒടുവില്‍ മഹാ ബുദ്ധിമാനായ ഞാന്‍  ഒരു വഴി കണ്ടു പിടിച്ചു. അന്ന് ഞങ്ങടെ 
ക്ലാസ്സിലെ പ്രണയത്തിന്റെ ആശാന്മാരും പണ്ഡിത ശിരോമണികളും മാഹാന്മാരുമായ രണ്ടു സുഹൃത്തുക്കളെ ഞാന്‍ എന്റെ പ്രണയത്തെ 
പറ്റി പറഞ്ഞു കേള്‍പ്പിച്ചു. അവളെ വളക്കാനുള്ള ഒരു ഐഡിയ പറഞ്ഞു തരാന്‍ വേണ്ടി ആയിരുന്നു അവരോടു അത് പറഞ്ഞത്‌. 
എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവര്‍ പരിപൂര്‍ണ്ണ സഹായവും വാഗ്ദാനം ചെയ്തു. 

അന്ന് ഉച്ചക്ക് ഭക്ഷണ സമയത്ത് ഞാന്‍ പള്ളിയില്‍ പോയി വന്നു ക്ലാസ്സില്‍ കയറിയപ്പോള്‍ കാണുന്നത്  കുറെ കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നതാണ്. എനിക്ക് കാര്യം മനസ്സിലായില്ല. അതിനിടയില്‍ 
അവള്‍ ചിരിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലായത്‌ അവള്‍ ശ്രദ്ധിക്കുന്നത് പോലും ഇല്ല എന്ന്. അവള്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു. ക്ലാസ്സില്‍ കയറി ഇരുന്ന ശേഷം ഞാന്‍ 
ആദ്യം പറഞ്ഞ മഹാന്മാരായ  പ്രണയ പണ്ഡിതരെ ശ്രദ്ധിച്ചു. അപ്പോഴാണ്‌ അവരും എന്നെ നോക്കി ചിരിച്ചു 
കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. എനിക്കപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി. ഞാന്‍ എന്റെ കൂട്ടുകാരനോട് 
എന്താ  സംഭവിച്ചത് എന്ന് അന്വേഷിച്ചു. അവന്‍ തന്ന മറുപടി ഭയാനകമായിരുന്നു. 
ഇന്റര്‍വെല്‍ ടൈം ഇല്‍ മേല്പറഞ്ഞ മഹാന്മാര്‍ എല്ലാം 
കൂടി അവളോടു ഞാന്‍ ലൈന്‍ ഇടുന്ന കാര്യം ഓപ്പണ്‍ ആയി ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുന്നില്‍  വെച്ച് പറഞ്ഞുവത്രേ. അടുത്ത 
പീരീഡ്‌ അറബിയായിരുന്നു. പതിവ് പോലെ ഞങ്ങള്‍ മുന്നിലെ ബെഞ്ചില്‍
 പോയി ഇരുന്നു. പക്ഷെ അവള്‍ മൈന്‍ഡ് ചെയ്തതെ ഇല്ല. ഒരാഴ്ച ഞാന്‍ ട്രൈ ചെയ്തു. ഒരു കാര്യവുമുണ്ടായില്ല. ഒരു ദിവസം 
ഇന്റര്‍വെല്‍ ടൈം ഇല്‍ ഞാന്‍ അവളെ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചു. അവള്‍ വന്നില്ല. എങ്ങിനെ വരും...
അതി ക്രൂരമായ രീതിയിലല്ലേ നമ്മുടെ മഹാന്മാര്‍ പണി പറ്റിച്ചു വെച്ചിരിക്കുന്നത്..ഞാന്‍ പിന്നെയും ഒരു രണ്ടു വട്ടം വിളിച്ചപ്പോള്‍ 
അവള്‍ കാര്യം പറയാന്‍ പറഞ്ഞു. ഞാന്‍ പുറത്തേക്കു വരാന്‍ പറഞ്ഞു. അവസാനം അവള്‍ വന്നു. അവളുടെ മുഖത്ത് അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞത് ദേഷ്യത്തിന്റെ രൌദ്ര ഭാവമായിരുന്നു.
 ഞാന്‍ ചോദിച്ചു.

““എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്നത്??””
അവള്‍: ““നിനക്ക് കാര്യമെന്താണെന്നു അറിയില്ലേ””.
ചോദ്യം കേട്ടിട്ട് ഉള്ളില്‍ ചിരി വന്നെങ്കിലും ഞാന്‍ അത് പുറത്തു  കാണിക്കാതെ അവളോട്‌ പറഞ്ഞു,
“ഇത്ര കാലമായിട്ടു ഞാന്‍ നിന്നോട് അങ്ങിനെ എന്തെങ്കിലും പെരുമാറിയിട്ടുണ്ടോ??”
അവള്‍: “” ഇനി അങ്ങിനെ ഉണ്ടെങ്കിലും  ഇല്ലെങ്കിലും ഈ വിഷയം 
നമുക്ക് വിടാം. എന്നെ ഒരു ഫ്രണ്ട് ആയി മാത്രം കണ്ടാല്‍ മതി””
അത് കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു വെള്ളിടി പൊട്ടിയെങ്കിലും ഞാന്‍ 
അത് പുറത്തു കാണിച്ചില്ല. കാണിച്ചാല്‍ ആകെ കയ്യിലുള്ള ഇത്തിരി  അഭിമാനം കൂടി അങ്ങ് പോയിക്കിട്ടുമായിരുന്നു. ഞാന്‍ പറഞ്ഞു.

“” ഇനി അങ്ങിനെ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കും താല്പര്യമില്ല. 
ഞാന്‍ എന്തെങ്കിലും മോശമായി ചെയ്തിട്ടുണ്ടെങ്കില്‍  സോറി ””

അവളെന്തോ പറയാന്‍ തുടങ്ങി എങ്കിലും ഞാന്‍ കേള്‍ക്കാന്‍ 
നില്‍ക്കാതെ തിരിഞ്ഞു നടന്നു. കുറച്ചു കഴിഞ്ഞു തിരിഞ്ഞു 
നോക്കിയപ്പോള്‍ അവളും സാവധാനം നടന്നു ക്ലാസ്സിലേക്ക് പോകുന്നത് 
കണ്ടു. അവള്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ പഴയ പോലെ മിണ്ടാന്‍ 
വരും എന്ന് കരുതി ഞാന്‍ രണ്ടു ദിവസം മൈന്‍ഡ് ചെയ്തില്ല. അന്ന് 
മുതല്‍ അറബി ക്ലാസ്സില്‍ മുന്നിലെ ബെഞ്ചില്‍ പോയി ഇരുന്നില്ല. 
അന്ന് ക്ലാസ്സ്‌ തുടങ്ങുന്നതിന് മുന്‍പ്‌ അവള്‍ എന്നെ ഒന്ന്
 നോക്കിയെങ്കിലും 
ഞാന്‍ കാണാത്ത പോലെ ഇരുന്നു.
    അങ്ങിനെ അതി ഭീകരമായി തന്നെ പ്ലസ്‌ വണ്‍ ക്ലാസ്സ്‌ കഴിഞ്ഞു. പ്ലസ്‌ ടു തുടങ്ങി. അറബി ക്ലാസ്സില്‍ ഞാന്‍ മുന്നിലെ  ബെഞ്ചില്‍ ഒരു രണ്ടു 
മാസത്തെ ഇടവേളയ്ക്കു ശേഷം പോയി ഇരുന്നു. ആദ്യ ദിവസം 
അവളും വന്നിരുന്നെങ്കിലും പിറ്റെ ദിവസം മുതല്‍ അവള്‍ വന്നില്ല. 
അങ്ങോട്ട്‌ നോക്കിയപ്പോള്‍ അവള്‍ കാണാത്ത പോലെ ഇരുന്നു. 
അവളോട്‌ ഒന്ന് സംസാരിക്കാന്‍ ഒരു ചാന്‍സ് നോക്കി 
നടക്കലായിരുന്നു പിന്നെ എന്റെ പണി. ദൈവ നിശ്ചയം കാരണം
 അത് വീണു കിട്ടിയില്ല. 

ഞാന്‍ ചാന്‍സ് നോക്കി നടക്കുകയാണെന്ന് മനസ്സിലാക്കിയിട്ടാണോ 
എന്തോ അവള്‍ തനിച്ചു നടക്കുന്ന സ്വഭാവം പാടെ മാറ്റി. എപ്പോഴും 
കൂടെ ഒന്നോ രണ്ടോ കൂതറകള്‍ കാണും. അങ്ങിനെ അവളുടെ പുറകെ നടക്കുന്ന സ്വഭാവം ഞാനും നിര്‍ത്തി. പ്ലസ്‌ ടു അവസാനിച്ചു. 

ഞാന്‍ എഞ്ചിനീയറിംഗ് നു ചേര്‍ന്നു. അവള്‍ ഡിഗ്രീ കോഴ്സ് നും. ഇടക്കെവിടെയോ വെച്ച് കണ്ടപ്പോള്‍ ഒന്ന് പരസ്പരം ചിരിച്ചു. പിന്നെ
 ഒരു നാല് മാസം കൂടി കഴിഞ്ഞപ്പോള്‍ പത്രത്തിന്റെ 
അവസാന പേജ് ഇല്‍ ഒരു വിവാഹക്ഷണ പരസ്യം കണ്ടു. വേറെ ആരുടെമായിരുന്നില്ല. അവളുടെ തന്നെ. കല്യാണക്ഷണം എനിക്കൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ആ പത്രം ഇപ്പോഴും ഞാന്‍ 
സൂക്ഷിക്കുന്നു. അങ്ങിനെ പറയാനാകാതെ പോയ ആ പ്രണയം ഇപ്പോഴും ചെറിയ ഒരു നൊമ്പരമായി മനസ്സിന്റെ ഏതോ ഒരു 
കോണില്‍ കിടക്കുന്നു. ഇന്നവള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. എന്തായാലും അവള്‍ക്കു സുഖ ജീവിതം നേര്‍ന്നു 
കൊണ്ട് നിര്‍ത്തുന്നു...............


സസ്നേഹം
സനൂ
03/11/2012



Monday, August 6, 2012

ഓര്‍ക്കുന്നു നിന്നെ ഞാന്‍ ഇന്നും


വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരമേ ഉള്ളു എന്റെ ഉമ്മയുടെ വീട്ടിലേക്ക്‌. ദൂരം കുറവായതിനാല്‍ ഞാന്‍ ഇടക്കിടക്ക്‌ അങ്ങോട്ട്‌ പോവുമായിരുന്നു. ഉമ്മാന്റെ അടുത്ത ബന്ധത്തിലെ ഒരു ചെക്കനായിരുന്നു അന്ന് അവിടെ ഉള്ള എന്റെ ഏക കൂട്ടുകാരന്‍. എന്നെക്കാള്‍ രണ്ടു വയസ്സിനു മൂത്തതായിരുന്നു അവന്‍. ഞാന്‍ ഉമ്മയുടെ വീട്ടിലെത്തിയാല്‍ അവനെയും കൊണ്ട് വല്ലിമ്മയുടെ (ഉമ്മയുടെ ഉമ്മ) തെങ്ങിന്‍തോട്ടത്തിലേക്ക് പോവും. അവന്‍ തെങ്ങില്‍ കയറി ഇളനീര്‍ ഇടും. ഞാന്‍ താഴെ നിന്ന് എല്ലാം പെറുക്കി കൂട്ടും..എന്നിട്ട് ഒഴിഞ്ഞു പോയി ഇരുന്നു ഞങ്ങള്‍ രണ്ടു പേരും കൂടി അതൊക്കെ വെട്ടി കുടിക്കും. 

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അവന്റെ ഏക പെങ്ങളുടെ കല്യാണം ഉറപ്പിച്ചു. ഏട്ടനും ഏട്ടത്തിയും ഉമ്മയും ഉപ്പയും അടങ്ങുന്നതായിരുന്നു അവന്റെ കുടുംബം. കല്യാണസമയത്ത് ലീവ് കിട്ടാഞ്ഞതിനാല്‍ അവന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ടായിരുന്നില്ല. കല്യാണം പ്രമാണിച്ചു ഉമ്മ എന്നെയും അനുജത്തിമാരെയും കൂട്ടി തലേ ദിവസം തന്നെ കല്യാണ വീട്ടിലേക്കു പോയി. ഏക മകളുടെ കല്യാണമായത് കൊണ്ടാണോ എന്തോ വല്ല്യ കല്യാണമായിരുന്നു അവിടെ. വല്ല്യ പന്തല്‍..നിറച്ചും ആളുകള്‍. തലേ ദിവസം രാത്രി ആയിട്ട് പോലും കുറെ ആളുകള്‍ ഉണ്ടായിരുന്നു അവിടെ. നേരം കുറെ വൈകിയപ്പോള്‍ ഉമ്മ എന്നെയും കൂട്ടി വല്ലിമ്മയുടെ വീട്ടില്‍ വന്നു കിടന്നുറങ്ങി.
ഞാന്‍ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി കല്യാണ വീട്ടിലേക്ക്‌ പോയി. ഞാന്‍ അവിടെ എത്തിയപ്പോഴേക്കും അവനും റെഡി ആയിരുന്നു. കല്യാണസദ്യ വിളമ്പുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും കൂടി. ഉച്ചക്ക് ഒരു മണി ആയപ്പോഴേക്കും കല്യാണ ചെക്കനും കൂട്ടരും എത്തി. നിക്കാഹ് എല്ലാം കഴിഞ്ഞു അവളും ഡ്രസ്സ്‌ ഒക്കെ മാറി പോവാന്‍ റെഡി ആയി.

 പിന്നെ പെണ്ണിന്റെ കൂടെ ആരൊക്കെ പോകണം എന്ന തര്‍ക്കമായി. ആകെ കൂടെ പോവുന്നത് നാല് ജീപ്പുകള്‍. അതില്‍ മുഴുവന്‍ നിമിഷ നേരം കൊണ്ട് തന്നെ ആളുകള്‍ ഫുള്‍ ആയി. ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ചെക്കന്റെ വീട്ടിലേക്ക്‌. ചെറുപ്പം മുതലേ യാത്ര ചെയ്‌താല്‍ ചര്‍ദ്ദിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് ഞാന്‍ അധികം യാത്ര ഒന്നും പോവാറുണ്ടായിരുന്നില്ല. ആ കാരണം കൊണ്ട് തന്നെ പെണ്ണിന്റെ കൂടെ പോവാന്‍ ഉമ്മ എന്നെ അനുവദിച്ചില്ല. അവന്‍ എന്നെ കുറെ ക്ഷണിച്ചെങ്കിലും ഞാന്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ ചര്‍ദ്ദിക്കാതിരിക്കാന്‍ ഒരു ഐഡിയ പറഞ്ഞു തന്നു.         “ജീപിന്റെ പുറകില്‍ തൂങ്ങി നില്‍ക്കുകയാണെങ്കില്‍ ചര്‍ദ്ദിക്കില്ല” അതെനിക്കൊരു പുതിയ അറിവായിരുന്നു. അതും പറഞ്ഞു അവന്‍ കുറെ നിര്‍ബന്ധിച്ചെങ്കിലും ഉമ്മ എന്നെ വിട്ടില്ല. ഒടുവില്‍ കുറെ പരിഭവം പറഞ്ഞിട്ട് അവന്‍ ജീപിന്റെ പുറകില്‍ തൂങ്ങി നിന്ന് പെണ്ണിന്റെ കൂടെ പോയി. ആ ജീപ്പില്‍ എന്റെ അമ്മായിയും മകളും അവന്റെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ കയറി. ഞാനും ഉമ്മയും കല്യാണ വീട്ടില്‍ തന്നെ നിന്നു.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും ആരൊക്കെയോ നിലവിളിച്ചു കൊണ്ട് ഓടുന്നത് കണ്ടു. ആദ്യമൊന്നും ഒന്നും മനസ്സിലായില്ല. പിന്നെ പിന്നെ ചിത്രം വ്യക്തമായി. പെണ്ണിന്റെ കൂടെ പോയ നാല് ജീപ്പുകളില്‍ ഒരെണ്ണം അപകടത്തില്‍ പെട്ട് തോട്ടിലേക്ക് മറിഞ്ഞു. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റി എന്നൊന്നും ഒരു വിവരവും കിട്ടിയില്ല. പിന്നെ ആരൊക്കെയോ പറഞ്ഞു കേടു അറിഞ്ഞു. അപകടത്തില്‍ അവന്‍, കല്യാണപ്പെണ്ണിന്റെ അനുജന്‍, എന്റെ കൂട്ടുകാരന്‍ മരിച്ചിരിക്കുന്നു. കുറെ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. എന്റെ അമ്മായിയുടെ തല പൊട്ടി. അമ്മായിയുടെ മകള്‍ക്ക് ഒന്നും പറ്റിയില്ല.  ഇവന്‍ ജീപ്പില്‍ തൂങ്ങി നിന്നത് കാരണം ജീപ്പ് മറിഞ്ഞപ്പോള്‍ ഇവന്‍ തെറിച്ചു വീണു തൊട്ടടുത്ത ഇലക്ട്രിക്‌ പോസ്റ്റില്‍ തല ഇടിച്ചു. ഇടിയുടെ ആഘാധത്തില്‍ ഇവന്റെ തല പൊട്ടുകയും തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.

അത് വരെ സന്തോഷ തിമര്‍പ്പിലായിരുന്ന കല്ല്യാണ വീട് പൊടുന്നനെ പൊട്ടി കരച്ചിലുകളാല്‍ മുകരിതമായി. വാര്‍ത്ത കേട്ട ഉടനെ അവന്റെ ഉമ്മ ബോധരഹിതയായി. ഒരു മണിക്കൂറിനുള്ളില്‍ കല്യാണ പെണ്ണും ചെക്കനും തിരിച്ചെത്തി. അവള്‍ അപ്പോള്‍ കരയുകയായിരുന്നില്ല. മുഖത്ത് എന്തോ നിര്‍വികാരമായ ഭാവം. അവളുടെ കൂടെ വന്നതാണല്ലോ അപകട കാരണം എന്ന ചിന്ത ആയിരിക്കും ചിലപ്പോള്‍ അവളെ തളര്‍ത്തിയത്.


 ആരൊക്കെയോ താങ്ങി പിടിച്ചു അവളെയും കൊണ്ട് വന്നു ഉള്ളില്‍ കിടത്തി. ഞായറാഴ്ച ആയതിനാല്‍ അന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പറ്റാത്തത്‌ കൊണ്ട് തിങ്കളാഴച്ചയെ ചെയ്യൂ എന്ന് ആരൊക്കെയോ പറഞ്ഞു അറിഞ്ഞു. അന്നത്തെ ദിവസം അങ്ങിനെ അവസാനിച്ചു.



പിറ്റേ ദിവസം ഒരു ഉച്ചയായപ്പോഴേക്കും അവന്റെ മൃതശരീരം വഹിച്ചു കൊണ്ട് ആംബുലന്‍സ് എത്തി. തല്‍ക്കാലത്തേക്ക് ഒന്ന് അടങ്ങിയിരുന്ന കരച്ചില്‍ വീണ്ടും പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങുകളെല്ലാം അവസാനിപ്പിച്ചു അവന്റെ മൃതശരീരം പള്ളിയിലേക്ക് കൊണ്ട് പോവാന്‍ തീരുമാനിച്ചു. ഞാനും കൂടെ പോയി. ശവസംസ്കാര ചടങ്ങുകള്‍ക്കെല്ലാം ഞാനും മുന്നില്‍ തന്നെ നിന്നു. അവസാനം അവനെ കുഴിയില്‍ (കബര്‍) ഇല വെച്ച ശേഷം മുകളില്‍ കല്ലുകള്‍ വെച്ച് ആളുകള്‍ മണ്ണ് വാരി ഇടാന്‍ തുടങ്ങി. അവന്‍ സമ്മാനിച്ച നല്ല കുട്ടിക്കാല ഓര്‍മ്മകളെ മന്നസ്സില്‍ ഓര്‍ത്തു കൊണ്ട് അവന്റെ മുകളിലേക്ക് രണ്ടു തുള്ളി കണ്ണുനീരിന്റെ കൂടെ ഒരു  പിടി പച്ച മണ്ണ് വാരി ഇട്ടു.

ഒരു പക്ഷെ ഞാന്‍ അവന്റെ കൂടെ അന്ന് പെണ്ണിന്റെ കൂടെ പോയിരുന്നെങ്കില്‍ അവനെ പോലെ ഞാനും ആ ജീപ്പില്‍ തൂങ്ങി നിന്നാവും യാത്ര ചെയ്യുക. ദൈവ നിശ്ചയം കാരണം എനിക്ക് കൂടെ പോകാന്‍ തോന്നിയില്ല. വിധി അവനെ നേരത്തെ വിളിച്ചു കൊണ്ട് പോയി. ദൈവത്തിനു ഏറ്റവും ഇഷ്ട്ടമുള്ളവരെ അവന്‍ നേരത്തെ തിരിച്ചു വിളിക്കും എന്നാണല്ലോ.....


ഇന്നും ഉമ്മാന്റെ വീട്ടിലേക്കു പോവുമ്പോള്‍ ഇടക്കൊക്കെ അവന്റെ വീട്ടിലേക്കും ഞാന്‍ പോവാറുണ്ട്. ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു എന്റെ  ആ പ്രിയ കളിക്കൂട്ടുകാരന്‍.

(നിങ്ങളുടെ പ്രാര്‍ഥനയില്‍ അവനെയും ഉള്‍പെടുത്തണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.)

സസ്നേഹം
സനു
06-08-2012