Friday, December 20, 2013

അമ്മയും പൊന്നുമോനും...






അന്ന് ഞായറാഴ്ച ആയതിനാല്‍ അവനും ഭാര്യക്കും അവധിയായിരുന്നു. നിറകണ്ണുകളോടെ അവന്‍ വയസ്സായ തന്റെ അമ്മയുടെ കയ്യില്‍ പിടിച്ചു കൊണ്ട് വീട്ടില്‍ നിന്ന് പുറത്തേക്കു ഇറക്കി  പതുക്കെ കാര്‍ ന്റെ പിന്‍വാതില്‍ തുറന്നു അമ്മയെ അകത്തു ഇരുത്തി. തൂവാല കൊണ്ട് കണ്ണു തുടച്ച്‌ അവന്‍ വീണ്ടും അകത്തു പോയി അമ്മയുടെ മരുന്നുകളും കുഴമ്പും തുണിയും നിറച്ച പൊടി പിടിച്ച ആ ബാഗ്‌ എടുത്തു കാര്‍ ന്റെ ഡിക്കിയില്‍ കൊണ്ട് വന്നു വെച്ചു ഡ്രൈവിംഗ് സീറ്റ്‌ ഇല്‍ ഇരുന്നു സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു. കുറച്ചു നേരം അവന്‍ രണ്ടു കണ്ണുകളും അടച്ചു എന്തോ ആലോചിച്ചു.  ശേഷം കണ്ണു തുടച്ചു വീണ്ടും വീട്ടിലേക്കു കയറി ബെഡ്റൂമില്‍ ലാപ്‌ടോപിനു മുന്നില്‍ ഇരിക്കുന്ന ഭാര്യയുടെ അടുത്ത് ചെന്നു അവളുടെ അടുത്ത് ഇരുന്നു.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവന്‍ ഒരു മാസമായി  രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവളോട്‌ എന്നും പറയുന്ന കാര്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിച്ചു.

അമ്മ ഇപ്പോഴേ നിത്യരോഗിയാണ്‌. വയസ്സ് എഴുപത് കഴിഞ്ഞു. ഈ അവസ്ഥയില്‍ എങ്ങിനെ ഞാന്‍ അമ്മയെ വൃദ്ധസദനത്തില്‍ കൊണ്ട് പോയി ആക്കും?"

അവള്‍ ലാപ്ടോപ്പില്‍ നിന്ന് കണ്ണുകള്‍ എടുക്കാതെ തന്നെ പറഞ്ഞു.

"എനിക്ക് പറ്റില്ല. കൂടുതലായി എനിക്കൊന്നും  പറയാനില്ല. ."

നിറഞ്ഞ കണ്ണുകള്‍ വീണ്ടും തുടച്ചു ബെഡ് ഇല്‍ ഉറക്കത്തിലായിരുന്ന മോനെയും മോളെയും കുറച്ചു നേരം നോക്കി വീണ്ടും പുറത്തേക്കു പോയി കാറില്‍ കയറി. പുറകിലെ സീറ്റില്‍ ഇരിക്കുന്ന അമ്മയെ അവന്‍ തിരിഞ്ഞു നോക്കി. അമ്മ കണ്ണുകളടച്ചു സീറ്റില്‍ ചാരി ഇരിക്കുന്നു.  കവിളുകളിലൂടെ കണ്ണുനീര്‍ ചാലിട്ടു ഒഴുകിയ പാടുകളില്‍ ഇനിയും വറ്റാതെ ഒന്ന് രണ്ടു തുള്ളികള്‍ ഒട്ടി നില്‍ക്കുന്നു.

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടങ്ങി. ഞായറാഴ്ച ആയതിനാല്‍ തിരക്ക് കുറഞ്ഞ നഗരവീഥികളിലൂടെ കാര്‍ പതിയെ യാത്ര തുടര്‍ന്നു. ഇടയ്ക്ക് അവന്റെ മനസ്സ് കുറച്ചു കാലം പുറകിലേക്ക് പോയി.
.
.
മൂത്ത രണ്ടു ചേച്ചിമാര്‍ക്കു താഴെ കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തന്നെ പ്രസവിച്ചത്. ഒറ്റ മകന്‍ ആയതു കൊണ്ടാണോ എന്തോ,  അമ്മയ്ക്കും അച്ഛനും തന്നെയായിരുന്നു കൂടുതല്‍ ഇഷ്ടം. ഞങ്ങളുടെ സ്ഥലത്തിന്റെ മുന്‍വശത്ത് റോഡ്‌ ആയതു കൊണ്ട് അവിടെ തന്നെ ഒരു മുറി കെട്ടിയുണ്ടാക്കി അച്ഛന്‍ ഒരു പലചരക്ക് കട ഇട്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനം. തനിക്കു ഏഴു വയസ്സുള്ളപ്പോഴായിരുന്നു കടയിലേക്ക് സാധനം എടുക്കാന്‍ ടൌണിലേക്ക് പോയ അച്ഛന്‍ ഒരു അപകടത്തില്‍ മരണപ്പെട്ടത്. അന്ന് മൂത്ത ചേച്ചിക്ക്  പതിനേഴ് വയസ്സ്. ചെറിയ ചേച്ചിക്ക് പതിമൂന്നും. പിന്നീടുള്ള കാലം അമ്മ തന്നെ ആയിരുന്നു ഞങ്ങള്‍ക്ക് എല്ലാം. അച്ഛന്‍ നടത്തിയിരുന്ന പലചരക്ക്കട അമ്മ നടത്താന്‍ തുടങ്ങി. ഇരുപത് വയസ്സായപ്പോഴേക്കും മൂത്ത ചേച്ചിക്ക് നല്ലൊരു കല്യാണാലോചന വന്നു. വീടിന്റെ ആധാരം പണയം വെച്ചു അമ്മ അത് ഭംഗിയായി നടത്തി. പിന്നീട് അമ്മയുടെ നെട്ടോട്ടം ആ കടം വീട്ടുന്നതിന് വേണ്ടി മാത്രമായി. 

പത്താംക്ലാസ് നല്ല മാര്‍ക്കോടെ പാസ്‌ ആയ എന്നെ അമ്മയുടെ നിര്‍ബന്ധം കൊണ്ട് ഒന്നാം ഗ്രൂപ്പ്‌ തന്നെ എടുത്തു. പഠനത്തില്‍ മോശമായ രണ്ടാമത്തെ ചേചി പഠനം നിര്‍ത്തി വീട്ടിലിരിപ്പായി. നാല് വര്‍ഷം കൊണ്ട് തന്നെ അമ്മ ചേച്ചിയെ കെട്ടിച്ചു വിടാന്‍ പണയം വെച്ച ആധാരം തിരിച്ചെടുത്തു. പക്ഷെ ആ ആധാരം അമ്മയുടെ കയ്യില്‍ നിന്ന് വീണ്ടും ബാങ്കിലേക്ക് തന്നെ തിരിച്ചു പോവാന്‍ അധികം സമയം വേണ്ടി വന്നില്ല. രണ്ടാമത്തെ ചേച്ചിക്ക് വന്ന തരക്കേടില്ലാത്ത ആ കല്യാണാലോചന വീണ്ടും ആ ആധാരത്തെ ബാങ്കിലെത്തിച്ചു.

ഇതിനിടയില്‍ തന്റെ പ്രീഡിഗ്രി പഠനം എല്ലാം കഴിഞ്ഞു. എന്ട്രന്‍സ് എഴുതി കിട്ടിയ റാങ്ക് കുറവായതിനാല്‍ ചെറുപ്പം മുതലേ ആഗ്രഹമുള്ള എഞ്ചിനീയര്‍ എന്ന സ്വപ്നം മാറ്റി വെച്ചു. പക്ഷെ അമ്മ അതിനും പോംവഴി കണ്ടെത്തി. അമ്മയുടെ കുടുംബസ്വത്തില്‍ നിന്ന് കിട്ടിയ പത്തു സെന്റ്‌ ഭൂമി വിറ്റ്‌ ഡോനെഷന്‍ കൊടുത്തു അമ്മ തന്റെ ഇഷ്ട വിഷയമായ കമ്പ്യൂട്ടര്‍ സയന്‍സ്ന് തന്നെ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജ് ഇല്‍ ചേര്‍ത്തു. വിദ്യാഭ്യാസ വായ്പ അടുത്തുള്ള ബാങ്കില്‍ നിന്നും എടുത്തു. പക്ഷെ തന്റെ പഠനം കഴിയുമ്പോഴേക്കും എടുത്തതിന്റെ മുക്കാല്‍ ഭാഗം വയ്പ്പ അമ്മ തന്നെ തിരിച്ചടച്ചു കഴിഞ്ഞിരുന്നു. പഠിപ്പ് കഴിഞ്ഞു നല്ലൊരു ഐ ടി കമ്പനിയില്‍ തനിക്ക് നല്ല ശമ്പളത്തോടെ ജോലി ലഭിച്ചു. അമ്മയെ വീട്ടില്‍ തനിച്ചാക്കി കൊച്ചിയിലെ ആ കമ്പനിയില്‍ പോയി ജോയിന്‍ ചെയ്തു. ആറു മാസത്തിനകം തന്നെ ഒരു ചെറിയ വീട് വാടകക്കെടുത്തു അമ്മയെ കൊച്ചിയിലോട്ടു കൊണ്ട് പോയി. അമ്മ നടത്തിയിരുന്ന പലചരക്ക് കട നാട്ടിലെ രാഘവേട്ടന് വാടകയ്ക്ക് കൊടുത്തു. പിന്നീടുള്ള കുറച്ചു വര്‍ഷങ്ങള്‍ ഞങ്ങള്‍ രണ്ടു പേരും സന്തോഷത്തോടെ ജീവിച്ചു. 

ഇതിനിടയില്‍ കൊച്ചിയില്‍ ഒരു വീട് വാങ്ങാന്‍ തീരുമാനിച്ചു. അതിനായി നാട്ടിലുള്ള വീടും സ്ഥലവും കടയുമെല്ലാം വിറ്റ്‌ കയ്യിലുണ്ടായിരുന്ന കുറച്ചു കാശും കമ്പനിയില്‍ നിന്ന് ലോണും എടുത്തു എല്ലാംകൂട്ടി ഒരു വീട് വാങ്ങി. കുറച്ചു കാലങ്ങള്‍ക്ക് ശേഷം എന്റെ മേലുധ്യോഗസ്ഥന്റെ മകളുമായുള്ള ഒരു കല്യാണാലോചന വന്നു. അവളും എന്റെ കമ്പനിയില്‍ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത്. രണ്ടു കൂട്ടര്‍ക്കും പരസ്പരം ഇഷ്ടമായതിനാല്‍ കല്യാണം വളരെ ഭംഗിയായി നടന്നു. ഞങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഞങ്ങള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു. അപ്പുവും അമ്മുവും.

ആദ്യമൊക്കെ അവള്‍ക്കു അമ്മയെ ഇഷ്ടമായിരുന്നു. പക്ഷെ കാലം കഴിയുംതോറും അവള്‍ക്കു അമ്മയുമായുള്ള അടുപ്പം കുറഞ്ഞു വന്നു. ഇതിനിടയില്‍ അമ്മ കുളിമുറിയില്‍ വീണു കുറച്ചു കാലം അല്‍പ്പം കിടപ്പിലായി. അവള്‍ക്കു അമ്മയെ നോക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് കൊണ്ട് ഒരു ഹോംനേഴ്സ്നെ ഏര്‍പ്പാടാക്കി...
പിന്നീട് ഒരു കൊല്ലത്തിനെ ശേഷമാണ് അവള്‍  അമ്മയെ വൃദ്ധസദനത്തില്‍ ആക്കാം എന്ന് പറഞ്ഞു നിര്‍ബന്ധിക്കാന്‍ തുടങ്ങിയത്. ആദ്യമൊന്നും കാര്യത്തില്‍ എടുത്തില്ലെങ്കിലും അവള്‍ ഈ കാര്യം പറഞ്ഞു ഇടയ്ക്കിടയ്ക്ക് വഴക്ക് കൂടാന്‍ തുടങ്ങി. തന്നെയും ഹോംനേഴ്സ്നെയും ചേര്‍ത്തു അവള്‍ പല കഥകളും പറഞ്ഞു വഴക്കുണ്ടാക്കി ഹോംനേഴ്സ്നെ പറഞ്ഞയച്ചു. അതോടെ അമ്മയുടെ കാര്യം കഷ്ടത്തിലായി. അവള്‍ അമ്മയുടെ ഒരു കാര്യവും നോക്കാതെയായി. അമ്മയുടെ പല കാര്യങ്ങളും നോക്കാനായി തനിക്ക് പലപ്പോഴും ഓഫീസില്‍ നിന്നും ലീവ് എടുക്കേണ്ടി വന്നു. 

ഇടയ്ക്കിടെ അവള്‍ അമ്മയെ പല കാര്യങ്ങള്‍ക്കും ചീത്ത പറയാന്‍ തുടങ്ങി. അമ്മയെ വൃദ്ധസദനത്തില്‍ ആക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്ത ശേഷമേ ഇങ്ങോട്ട് വരുകയുള്ളു എന്ന് പറഞ്ഞു അവള്‍ മക്കളെയും കൂട്ടി അവളുടെ വീട്ടിലേക്കു പോയി. തന്റെ മക്കളുടെ കാര്യം ആലോചിച്ചുനോക്കിയപ്പോള്‍ അവളുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനും കഴിഞ്ഞില്ല. അങ്ങിനെ ഞാന്‍ ഓഫീസില്‍ പോകുമ്പോള്‍ അമ്മ വീട്ടില്‍ തനിച്ചാവാന്‍ തുടങ്ങി. അമ്മയുടെ ജീവിതത്തിനു ഇവിടെ ഉള്ളതിനേക്കാള്‍ സുരക്ഷ വൃദ്ധസദനത്തില്‍ ആയിരിക്കും എന്ന് എനിക്കും മനസ്സിലായി തുടങ്ങി. 
കുറച്ചു ദിവസത്തെ ആലോചനക്കു ശേഷം അമ്മയെ വൃദ്ധസദനത്തില്‍ ആക്കാം എന്ന് ഉറപ്പു പറഞ്ഞു അവളെ ഞാന്‍ വീട്ടിലേക്കു തിരിച്ചു കൊണ്ട് വന്നു. 

അവള്‍ തിരിച്ചു വന്നിട്ട് ഒരു മാസം കഴിഞ്ഞു. ഈ ഒരു മാസത്തിനിടയില്‍ അവളുടെ മനസ്സ് മാറ്റാന്‍ കുറെ ശ്രമിച്ചു. അവള്‍ വീണ്ടും ഈ കാര്യം പറഞ്ഞു വഴക്കിടാന്‍ തുടങ്ങിയപ്പോള്‍ കൊച്ചിയിലുള്ള എല്ലാ വൃദ്ധസദനങ്ങളിലും കയറിയിറങ്ങി ഏറ്റവും നല്ല സൌകര്യമുള്ള ഒരു വൃദ്ധസദനം കണ്ടുപിടിച്ചു..അവധി ദിവസമായ ഞായറാഴ്ച തന്നെ അതിനായി തിരഞ്ഞെടുത്തു. ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ തനിക്കായി ചിലവഴിച്ച അമ്മയെ വൃദ്ധസദനത്തില്‍ ആക്കുന്നതിന്റെ വിഷമം കാരണം ജോലിയിലുള്ള ശ്രദ്ധ എല്ലാം കുറഞ്ഞു വന്നു. എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത്. പക്ഷെ വീണ്ടും മനസ്സ് വെമ്പുന്നു. അരുതെന്ന് പറയുന്നു. ആ മനസ്സിന്റെ വെമ്പലാണ് തന്റെ കണ്ണുകളില്‍ നിന്ന് ഒഴുകുന്ന കണ്ണുനീര്‍....

മെയിന്‍ റോഡില്‍ നിന്നും കാര്‍ വൃദ്ധസദനത്തിന്റെ ഭാഗത്തേക്ക് പോവുന്ന റോഡിലേക്ക് തിരിഞ്ഞു. അവന്‍ അമ്മയെ ഒന്ന് കൂടി തിരിഞ്ഞു നോക്കി. അമ്മ മയക്കം വിട്ടു ഉണര്‍ന്നിരിക്കുന്നു. റോഡ്‌സൈഡ് ഇല്‍ ഉള്ള കാഴ്ചകള്‍ കണ്ടു ഒരു നിസ്സംഗഭാവത്തോടെ ഇരിക്കുന്നു. കാര്‍ വൃദ്ധസദനത്തിന്റെ പടിക്കല്‍ പോയി നിന്നു. ഒന്നും പറയുന്നതിന് മുന്‍പേ  തന്നെ അമ്മ ഡോര്‍ തുറന്നു പുറത്തേക്കു ഇറങ്ങി മുന്‍പോട്ടു നടന്നു. അമ്മയുടെ ബാഗ്‌ എടുത്തു അവന്‍ അമ്മയുടെ പുറകെ നടന്നു. എല്ലാം മുന്‍കൂട്ടി പറഞ്ഞത് കൊണ്ട് അവിടുത്തെ നടപടിക്രമങ്ങള്‍ എല്ലാം പെട്ടന്ന് തന്നെ അവസാനിച്ചു. അവന്‍ അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് യാത്ര പറഞ്ഞു. പക്ഷെ അമ്മയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും പൊടിഞ്ഞില്ല. എല്ലാ ഞായറാഴ്ചയും വരാമെന്ന് അമ്മയോട് പറയുമ്പോള്‍ അവിടെ റിസെപ്ഷന്‍ ഇല്‍ ഇരിക്കുന്ന സ്ത്രീ ഒന്ന് ചിരിച്ചു. പക്ഷെ ആ ചിരിക്കു ഒരായിരം അര്‍ത്ഥമുണ്ടെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നു.. അമ്മയുടെ ബാഗും എടുത്തു അവിടെ ഉള്ള ഒരു സ്ത്രീ അമ്മയെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവന്‍ മനസ്സില്‍ പറഞ്ഞു..”അമ്മേ...മാപ്പ്....”

തിരിച്ചു കാര്‍ ഓടിച്ചു പോവുമ്പോള്‍ അടുത്ത ഞായറാഴ്ച അമ്മയെ കാണാന്‍ വരുന്ന കാര്യം ആലോചിച്ചു കൊണ്ടേ ഇരുന്നു. ആദ്യമൊക്കെ അവന്‍ ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാന്‍ വന്നിരുന്നു. പിന്നെ അത് മാസത്തില്‍ ഒരീക്കലായി. പിന്നെ ഏതാനും മാസങ്ങളില്‍ ഒരു വട്ടമായി ചുരുങ്ങി. പിന്നെ പിന്നെ അവനും അമ്മയെ മറന്നു തുടങ്ങി......അമ്മയെ അവന്‍ ഓര്‍ക്കുന്നത് വൃദ്ധസദനത്തില്‍ കൊല്ലം തോറും അടക്കേണ്ട കാശ് അടക്കാന്‍ അവരുടെ ഫോണ്‍ വരുമ്പോള്‍ മാത്രമായി...
ഒരു ദിവസം രാവിലെ വൃദ്ധസദനത്തില്‍ നിന്ന് ഒരു ഫോണ്‍ വന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ അവന്‍ വിചാരിച്ചു, കാശ് അടച്ചിട്ടു ഒരു വര്‍ഷമായിട്ടില്ലല്ലോ, ഇവരെന്തിനാ വീണ്ടും വിളിക്കുന്നത്....

“ഹലോ....”

Mr. അരുണ്‍...ഇന്ന് പുലര്‍ച്ചെ നിങ്ങളുടെ അമ്മ മരിച്ചുപോയി. താങ്കള്‍ ഒന്ന് പെട്ടന്ന് വന്നു ഇവിടുത്തെ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു ബോഡി കൊണ്ട് പോവണം..”

ഫോണിലൂടെ കേട്ട കാര്യം അവനില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അമ്മ ആ കാര്യത്തിലും അവനെ ബുദ്ധിമുട്ടിച്ചില്ല. അവന്‍ അവളെയും മക്കളെയും കൂട്ടി അവസാനമായി ആ വൃദ്ധസദനതിലേക്കു പോയി. നടപടിക്രമങ്ങള്‍ എല്ലാം അവസാനിപ്പിച്ചു അമ്മയുടെ ബോഡി അടുത്തുള്ള ഒരു ഇലക്ട്രിക്‌ ശ്മശാനത്തില്‍ കൊടുത്തു. പൈസയും കൊടുത്തു.  അവിടുന്ന് കിട്ടിയ അമ്മയുടെ ചിതാഭസ്മം നിറച്ച പാത്രവുമായി അവനും കുടുംബവും കാര്‍ ഇല്‍ കയറി. കുറച്ചു മുന്നോട്ട് പോയപ്പോള്‍ റോഡ്‌ സൈഡ് ഇല്‍ കണ്ട കുറ്റിക്കാട്ടിലേക്ക് ആ ചിതാഭസ്മം നിറച്ച പാത്രം എറിഞ്ഞ ശേഷം അവന്‍ സ്മാര്‍ട്ട്‌ ഫോണ്‍ എടുത്തു അമ്മ മരിച്ചുപോയി, പ്രാര്‍ഥിക്കണം എന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.


ആ സ്റ്റാറ്റസ്ന് കിട്ടിയ അനുശോചന കമന്റുകള്‍ കണ്ടു അവന്‍ വീണ്ടും അമ്മയെ ഓര്‍ത്തു...........

സസ്നേഹം
സനു
20-12-2013

Monday, December 24, 2012

ശപിക്കല്ലേ പെങ്ങളെ ഈ സമൂഹത്തെ




ക്ഷമിക്കുക പെങ്ങളെ ഈയുള്ളവനോടും 

പിന്നെ ദയാദാക്ഷിണ്യമില്ലാത്ത ഈ ലോകത്തോടും

ഓര്‍ക്കുവാന്‍ പോലും കഴിയുന്നില്ലെനിക്ക് 

ഇന്നുനീ അനുഭവിക്കുന്ന ആ മനോവേദനകള്‍....



സഹിക്കാനാവുന്നില്ല സോദരീ നിന്‍കണ്ണുനീര്‍

വിലമതിക്കുന്നു ഞാനതു മറ്റെന്തിനെക്കാളും

വിശ്രമമില്ല പെങ്ങളെ ഇന്ന്തൊട്ടെനിക്ക്

ആ ചെകുത്താന്മാരെ കൊലക്കയറില്‍ തൂക്കിയിട്ടല്ലാതെ...



ആ കാപാലികര്‍ മാത്രമല്ല മോളേ തെറ്റുകാര്‍,

സമൂഹവും ഈ ഞാനുമതില്‍ പങ്കാളികള്‍.......

പ്രാര്‍ത്ഥന മാത്രമേ എന്‍കയ്യില്‍ ഇനി  ബാക്കിയുള്ളൂ.

ഇന്നത്‌ മുഴുവന്‍ നിനക്കായി ഞാന്‍ നല്‍കിടുന്നു...



അറിയുന്നു നിന്നിലൂടെ ഞാന്‍ ഈ സമൂഹത്തില്‍

നികൃഷ്ടമാം നരഭോജികളുടെ ഈ വിളയാട്ടത്തെ

ഉറപ്പേകിടുന്നിന്നു ഞാന്‍ നിന്‍മുന്‍പില്‍ 

ചെയ്തിടാം ഞാന്‍ എന്നാലാവുന്നതെല്ലാം

നിനക്കായും പിന്നെ ഈ സ്ത്രീ സമൂഹത്തിനായും.......



സസ്നേഹം
സനു 
25-12-2012





Saturday, November 3, 2012

പറയാതെ പോയ പ്രണയം

2004 ഇല്‍ SSLC കഴിഞ്ഞ ഞാന്‍ പ്ലസ്‌ ടു പഠനത്തിനായി 
തിരഞ്ഞെടുത്തത്‌ എന്റെ തൊട്ടടുത്തുള്ള സ്കൂള്‍ ആയിരുന്നു. സയന്‍സ് ഗ്രൂപിനു അപേക്ഷിച്ച എനിക്ക് SSLC ക്ക് കിട്ടിയ മാര്‍ക്കിന്റെ കനം കുറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു   കിട്ടിയത്‌ ഹുമാനിടീസ് ഗ്രൂപ്പ്‌ ആയിരുന്നു. അതിന്റെ ഒരു വിഷമത്തോട് കൂടിയാണ് ആദ്യ ദിനം സ്കൂളില്‍ പോയത്‌. ക്ലാസ്സില്‍ ആദ്യ ദിനം സുനില്‍  എന്ന് പേരുള്ള ഒരു മാഷ്‌  വന്നു എല്ലാവരെയും പരിജയപ്പെട്ടു. 

അതിനു ശേഷം അദ്ദേഹം സയന്‍സ് ഗ്രൂപിനു 
അപേക്ഷിച്ചിട്ടു ഹുമാനിടീസ് കിട്ടിയ കുട്ടികളോട് 
എഴുനെല്‍ക്കാന്‍ പറഞ്ഞു. ആണ്‍കുട്ടികളില്‍ നിന്ന് ഞാനും പെണ്‍കുട്ടികളില്‍ നിന്ന് 4  പേരും എഴുന്നേറ്റു നിന്നു. അങ്ങിനെ സുനില്‍  മാഷ്‌ ഞങ്ങളെ പരിജയപ്പെട്ട ശേഷം സയന്‍സ് ക്ലാസ്സിലേക്ക് മാറ്റാം 
എന്ന് പറഞ്ഞു. എന്തോ ഒരു ഭാഗ്യത്തിന് അന്ന് സയന്‍സ് 
ഗ്രൂപ്പില്‍ മാനജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് ഹുമാനിടീസിലേക്ക് വരാന്‍ ഒരു താല്പര്യമുണ്ടായിരുന്നു. അങ്ങിനെ 
ഞങ്ങള്‍ അഞ്ചു പേരും സയന്‍സ് ഗ്രൂപില്ക്ലാസ്സിലേക്ക് എത്തിപ്പെട്ടു. (അന്ന് ഹുമാനിടീസ് ക്ലാസ്സിലേക്ക് മാറാന്‍ ആ കുട്ടികള്‍ തയ്യാറായിരുന്നില്ലെന്കില്‍ എനിക്ക് ഒരിക്കലും ഈ നിലയിലെത്താന്‍ പറ്റില്ലായിരുന്നു. ദൈവ നിശ്ചയം. അല്ലാതെന്ത്.....)
സെക്കന്റ്‌ ലാംഗ്വേജ്‌ ആയി ഞാന്‍ തിരഞ്ഞെടുത്തത്‌ 
അറബിയായിരുന്നു. ചെറുപ്പം മുതലേ ഇംഗ്ലീഷ് മീഡിയം പഠിച്ചത് കൊണ്ടാണോ എന്തോ മലയാളം എടുക്കാന്‍ തോന്നിയില്ല.എന്റെ 
കൂടെ സയന്‍സ് ക്ലാസ്സിലേക്ക് വന്ന നാല് പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ എടുത്തതും അറബിയായിരുന്നു. അങ്ങിനെ ആ രണ്ടു കുട്ടികളുമായി 
ഞാന്‍ കൂടുതല്‍ പരിജയപ്പെട്ടു. കൌമാരത്തിന്റെ തുടക്കമായതു കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് അതിലെ ഒരു കുട്ടിയോട് 
എന്തോ ഒരു ആകര്‍ഷണം തോന്നി.ആ ആകര്‍ഷണം കൊണ്ട് മാത്രം അവളോട്‌ കൂടുതല്‍ കൂട്ടുകൂടാന്‍ ഞാന്‍ തീരുമാനിച്ചു. 
കൂട്ടുകൂടി എന്ന് മാത്രമല്ല, വല്ലാതെ സൌഹൃദമാവുകയും ചെയ്തു . 
ആ സൗഹൃദം  ക്രമേണെ ഇഷ്ടമായി മാറി.
പ്രണയത്തിന്റെ കൂടപ്പിറപ്പാണല്ലോ പേടി എന്നാ മഹാ സംഭവം. ആ മഹാ സംഭവമായ 
പേടി കാരണം അവളോട്‌ അത് പറയാന്‍ മനസ്സ് അനുവദിച്ചില്ല.
ആദ്യ അറബി ക്ലാസ്സ്‌ തുടങ്ങുമ്പോള്‍ കുറെ കുട്ടികള്‍ വരുകയും 
കുറെ കുട്ടികള്‍ പോവുകയും ചെയ്തു.. ചില കുട്ടികള്‍ 
ഹിന്ദി ക്ലാസ്സിലെക്കും ചിലര്‍ സംസ്കൃതം ക്ലാസ്സിലെക്കും പോവും. 
അത് പോലെ ഹുമാനിടീസില്‍ നിന്നും കൊമേസ് ക്ലാസ്സില്‍ നിന്നും തിരിച്ചു അറബി ക്ലാസ്സിലെക്കും വരുമായിരുന്നു. ആ സമയത്ത് 
ഞാന്‍ മുന്നിലെ ബെഞ്ചില്‍ ആണ് പോയി ഇരുന്നിരുന്നത്. യാദ്ര്ശ്ചികമായി അവളും പെണ്‍കുട്ടികളുടെ മുന്നിലെ ബെഞ്ചില്‍ 
വന്നിരുന്നു. പിന്നെ എല്ലാ അറബി ക്ലാസ്സിലും സീറ്റ്‌ അങ്ങിനെ തന്നെ ആയി നിശ്ചയിച്ചു. തല ഒന്ന് ചെരിച്ചു നോക്കിയാല്‍ അവളെ എനിക്ക് കാണാം എന്ന രീതിയിലായിരുന്നു അവളുടെ ഇരുപ്പ്‌. എന്തായാലും 
ഞാന്‍ വളരെ ഹാപ്പി ആയി. ഒരു മണിക്കൂറുള്ള അറബി ക്ലാസ്സില്‍ ഞാന്‍ മിക്ക സമയവും അവളുടെ മുഖത്തേക്ക്‌ ആയിരുന്നു നോക്കിയിരുന്നത്. തിരിച്ചു അവള്‍ എന്നെ നോക്കുമ്പോഴേക്കും ഞാന്‍ തല തിരിക്കും. 
ഇത് കുറെ കാലം അങ്ങിനെ നീണ്ടു പോയി. ഞാന്‍ അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവള്‍ക്കറിയാം എന്നെനിക്ക് മനസ്സിലായി. 

ക്ലാസ്സ്‌ തുടങ്ങിയിട്ട് മൂന്നു  മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ 
അവളെ നന്നായി പരിജയപ്പെട്ടു. സ്കൂളില്‍ നിന്നും എന്റെ വീട്ടിലേക്കു പോകുന്ന വഴി ആയിരുന്നു അവളുടെ വീടും. അവളുടെ വീട്ടിലേക്കു 
 1 KM ഉം എന്റെ വീട്ടിലേക്കു  3 KM ഉം ആയിരുന്നു ദൂരം. അവളോട്‌ കൂടുതല്‍ സംസാരിക്കാനും അടുക്കാനുമായി ബസില്‍ പോവാറുള്ള
 ഞാന്‍ നടന്നു പോവാന്‍ തീരുമാനിച്ചു.
 അങ്ങിനെ അവളോട്‌ കൂടുതല്‍ അടുത്തു എങ്കിലും മനസ്സിലുള്ള 
ഇഷ്ടം തുറന്നു പറയാന്‍ മാത്രമുള്ള ദൈര്യം എനിക്ക് വന്നില്ല. അവളുമായുള്ള സൌഹൃദം നഷ്ട്ടപ്പെടുമോ എന്ന പേടി 
കൊണ്ടാണെന്ന് തോന്നുന്നു. ഒരു ദിവസം കൂടെ നടന്നു പോവുന്നതിന്റെ ഇടയില്‍ അവള്‍ എന്നെ വീട്ടിലേക്കു ചായ കുടിക്കാന്‍ ക്ഷണിച്ചു. 
പക്ഷെ എന്തോ ആ ക്ഷണം സ്വീകരിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. പേടി തന്നെ ആയിരുന്നു കാരണം.
 പക്ഷെ അതിനു ശേഷം അറബി ക്ലാസ്സില്‍ അവളെ ദൈര്യ സമേതം നോക്കാനുള്ള ഒരു ഊര്‍ജ്ജം എവിടുന്നോ കിട്ടി. അവള്‍ തിരിച്ചു നോക്കിയാലും ഞാന്‍ കണ്ണ് എടുക്കാതെ നോക്കികൊണ്ടേ ഇരുന്നു.

പ്ലസ്‌ വണ്‍ ക്ലാസ്സ്‌ തീരാറായി. അവളോട്‌ പറയേണ്ട സമയം ആയി എന്നെനിക്ക് തോന്നി. അവളും അത് എന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. പക്ഷെ അവളോട്‌ തുറന്നു 
പറയാന്‍ മാത്രമുള്ള ദൈര്യം ഇവിടുന്നും കിട്ടിയില്ല. ഒടുവില്‍ മഹാ ബുദ്ധിമാനായ ഞാന്‍  ഒരു വഴി കണ്ടു പിടിച്ചു. അന്ന് ഞങ്ങടെ 
ക്ലാസ്സിലെ പ്രണയത്തിന്റെ ആശാന്മാരും പണ്ഡിത ശിരോമണികളും മാഹാന്മാരുമായ രണ്ടു സുഹൃത്തുക്കളെ ഞാന്‍ എന്റെ പ്രണയത്തെ 
പറ്റി പറഞ്ഞു കേള്‍പ്പിച്ചു. അവളെ വളക്കാനുള്ള ഒരു ഐഡിയ പറഞ്ഞു തരാന്‍ വേണ്ടി ആയിരുന്നു അവരോടു അത് പറഞ്ഞത്‌. 
എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവര്‍ പരിപൂര്‍ണ്ണ സഹായവും വാഗ്ദാനം ചെയ്തു. 

അന്ന് ഉച്ചക്ക് ഭക്ഷണ സമയത്ത് ഞാന്‍ പള്ളിയില്‍ പോയി വന്നു ക്ലാസ്സില്‍ കയറിയപ്പോള്‍ കാണുന്നത്  കുറെ കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നതാണ്. എനിക്ക് കാര്യം മനസ്സിലായില്ല. അതിനിടയില്‍ 
അവള്‍ ചിരിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലായത്‌ അവള്‍ ശ്രദ്ധിക്കുന്നത് പോലും ഇല്ല എന്ന്. അവള്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു. ക്ലാസ്സില്‍ കയറി ഇരുന്ന ശേഷം ഞാന്‍ 
ആദ്യം പറഞ്ഞ മഹാന്മാരായ  പ്രണയ പണ്ഡിതരെ ശ്രദ്ധിച്ചു. അപ്പോഴാണ്‌ അവരും എന്നെ നോക്കി ചിരിച്ചു 
കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. എനിക്കപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി. ഞാന്‍ എന്റെ കൂട്ടുകാരനോട് 
എന്താ  സംഭവിച്ചത് എന്ന് അന്വേഷിച്ചു. അവന്‍ തന്ന മറുപടി ഭയാനകമായിരുന്നു. 
ഇന്റര്‍വെല്‍ ടൈം ഇല്‍ മേല്പറഞ്ഞ മഹാന്മാര്‍ എല്ലാം 
കൂടി അവളോടു ഞാന്‍ ലൈന്‍ ഇടുന്ന കാര്യം ഓപ്പണ്‍ ആയി ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുന്നില്‍  വെച്ച് പറഞ്ഞുവത്രേ. അടുത്ത 
പീരീഡ്‌ അറബിയായിരുന്നു. പതിവ് പോലെ ഞങ്ങള്‍ മുന്നിലെ ബെഞ്ചില്‍
 പോയി ഇരുന്നു. പക്ഷെ അവള്‍ മൈന്‍ഡ് ചെയ്തതെ ഇല്ല. ഒരാഴ്ച ഞാന്‍ ട്രൈ ചെയ്തു. ഒരു കാര്യവുമുണ്ടായില്ല. ഒരു ദിവസം 
ഇന്റര്‍വെല്‍ ടൈം ഇല്‍ ഞാന്‍ അവളെ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചു. അവള്‍ വന്നില്ല. എങ്ങിനെ വരും...
അതി ക്രൂരമായ രീതിയിലല്ലേ നമ്മുടെ മഹാന്മാര്‍ പണി പറ്റിച്ചു വെച്ചിരിക്കുന്നത്..ഞാന്‍ പിന്നെയും ഒരു രണ്ടു വട്ടം വിളിച്ചപ്പോള്‍ 
അവള്‍ കാര്യം പറയാന്‍ പറഞ്ഞു. ഞാന്‍ പുറത്തേക്കു വരാന്‍ പറഞ്ഞു. അവസാനം അവള്‍ വന്നു. അവളുടെ മുഖത്ത് അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞത് ദേഷ്യത്തിന്റെ രൌദ്ര ഭാവമായിരുന്നു.
 ഞാന്‍ ചോദിച്ചു.

““എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്നത്??””
അവള്‍: ““നിനക്ക് കാര്യമെന്താണെന്നു അറിയില്ലേ””.
ചോദ്യം കേട്ടിട്ട് ഉള്ളില്‍ ചിരി വന്നെങ്കിലും ഞാന്‍ അത് പുറത്തു  കാണിക്കാതെ അവളോട്‌ പറഞ്ഞു,
“ഇത്ര കാലമായിട്ടു ഞാന്‍ നിന്നോട് അങ്ങിനെ എന്തെങ്കിലും പെരുമാറിയിട്ടുണ്ടോ??”
അവള്‍: “” ഇനി അങ്ങിനെ ഉണ്ടെങ്കിലും  ഇല്ലെങ്കിലും ഈ വിഷയം 
നമുക്ക് വിടാം. എന്നെ ഒരു ഫ്രണ്ട് ആയി മാത്രം കണ്ടാല്‍ മതി””
അത് കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു വെള്ളിടി പൊട്ടിയെങ്കിലും ഞാന്‍ 
അത് പുറത്തു കാണിച്ചില്ല. കാണിച്ചാല്‍ ആകെ കയ്യിലുള്ള ഇത്തിരി  അഭിമാനം കൂടി അങ്ങ് പോയിക്കിട്ടുമായിരുന്നു. ഞാന്‍ പറഞ്ഞു.

“” ഇനി അങ്ങിനെ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കും താല്പര്യമില്ല. 
ഞാന്‍ എന്തെങ്കിലും മോശമായി ചെയ്തിട്ടുണ്ടെങ്കില്‍  സോറി ””

അവളെന്തോ പറയാന്‍ തുടങ്ങി എങ്കിലും ഞാന്‍ കേള്‍ക്കാന്‍ 
നില്‍ക്കാതെ തിരിഞ്ഞു നടന്നു. കുറച്ചു കഴിഞ്ഞു തിരിഞ്ഞു 
നോക്കിയപ്പോള്‍ അവളും സാവധാനം നടന്നു ക്ലാസ്സിലേക്ക് പോകുന്നത് 
കണ്ടു. അവള്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ പഴയ പോലെ മിണ്ടാന്‍ 
വരും എന്ന് കരുതി ഞാന്‍ രണ്ടു ദിവസം മൈന്‍ഡ് ചെയ്തില്ല. അന്ന് 
മുതല്‍ അറബി ക്ലാസ്സില്‍ മുന്നിലെ ബെഞ്ചില്‍ പോയി ഇരുന്നില്ല. 
അന്ന് ക്ലാസ്സ്‌ തുടങ്ങുന്നതിന് മുന്‍പ്‌ അവള്‍ എന്നെ ഒന്ന്
 നോക്കിയെങ്കിലും 
ഞാന്‍ കാണാത്ത പോലെ ഇരുന്നു.
    അങ്ങിനെ അതി ഭീകരമായി തന്നെ പ്ലസ്‌ വണ്‍ ക്ലാസ്സ്‌ കഴിഞ്ഞു. പ്ലസ്‌ ടു തുടങ്ങി. അറബി ക്ലാസ്സില്‍ ഞാന്‍ മുന്നിലെ  ബെഞ്ചില്‍ ഒരു രണ്ടു 
മാസത്തെ ഇടവേളയ്ക്കു ശേഷം പോയി ഇരുന്നു. ആദ്യ ദിവസം 
അവളും വന്നിരുന്നെങ്കിലും പിറ്റെ ദിവസം മുതല്‍ അവള്‍ വന്നില്ല. 
അങ്ങോട്ട്‌ നോക്കിയപ്പോള്‍ അവള്‍ കാണാത്ത പോലെ ഇരുന്നു. 
അവളോട്‌ ഒന്ന് സംസാരിക്കാന്‍ ഒരു ചാന്‍സ് നോക്കി 
നടക്കലായിരുന്നു പിന്നെ എന്റെ പണി. ദൈവ നിശ്ചയം കാരണം
 അത് വീണു കിട്ടിയില്ല. 

ഞാന്‍ ചാന്‍സ് നോക്കി നടക്കുകയാണെന്ന് മനസ്സിലാക്കിയിട്ടാണോ 
എന്തോ അവള്‍ തനിച്ചു നടക്കുന്ന സ്വഭാവം പാടെ മാറ്റി. എപ്പോഴും 
കൂടെ ഒന്നോ രണ്ടോ കൂതറകള്‍ കാണും. അങ്ങിനെ അവളുടെ പുറകെ നടക്കുന്ന സ്വഭാവം ഞാനും നിര്‍ത്തി. പ്ലസ്‌ ടു അവസാനിച്ചു. 

ഞാന്‍ എഞ്ചിനീയറിംഗ് നു ചേര്‍ന്നു. അവള്‍ ഡിഗ്രീ കോഴ്സ് നും. ഇടക്കെവിടെയോ വെച്ച് കണ്ടപ്പോള്‍ ഒന്ന് പരസ്പരം ചിരിച്ചു. പിന്നെ
 ഒരു നാല് മാസം കൂടി കഴിഞ്ഞപ്പോള്‍ പത്രത്തിന്റെ 
അവസാന പേജ് ഇല്‍ ഒരു വിവാഹക്ഷണ പരസ്യം കണ്ടു. വേറെ ആരുടെമായിരുന്നില്ല. അവളുടെ തന്നെ. കല്യാണക്ഷണം എനിക്കൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ആ പത്രം ഇപ്പോഴും ഞാന്‍ 
സൂക്ഷിക്കുന്നു. അങ്ങിനെ പറയാനാകാതെ പോയ ആ പ്രണയം ഇപ്പോഴും ചെറിയ ഒരു നൊമ്പരമായി മനസ്സിന്റെ ഏതോ ഒരു 
കോണില്‍ കിടക്കുന്നു. ഇന്നവള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. എന്തായാലും അവള്‍ക്കു സുഖ ജീവിതം നേര്‍ന്നു 
കൊണ്ട് നിര്‍ത്തുന്നു...............


സസ്നേഹം
സനൂ
03/11/2012